ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലിന്റെ പരീക്ഷണം പരാജയമായിരുന്നുവെന്ന് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. കരസേനയ്ക്കും വ്യോമ സേനയ്ക്കുമായി വികസിപ്പിച്ച മധ്യദൂര മിസൈൽ പരീക്ഷണം സാങ്കേതിക തകരാറിലൂടെയാണ് പരാജയപ്പെട്ടതെന്നാണ് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നതെന്ന് എൻഡിടിവിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

3600 കോടി രൂപ ചിലവഴിച്ചാണ് ആകാശ്, ആകാശ് എംകെ-2 എന്നീ മോഡലുകളിലുള്ള മിസൈലുകള്‍ ഇന്ത്യ വികസിപ്പിച്ചത്. പ്രതിരോധ മേഖലയിൽ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വലിയ പ്രതീക്ഷയോടെയാണ് ആകാശ് മിസൈൽ പരീക്ഷിച്ചത്. പരീക്ഷണ വിക്ഷേപണത്തിൽ മിസൈൽ ദൂരം പൂർത്തിയാക്കിയില്ലെന്നും ലക്ഷ്യമിട്ട വേഗത കൈവരിച്ചില്ലെന്നുമാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്.

രാജ്യത്തിന്റെ ആറ് ഭാഗങ്ങളിൽ മിസൈലുകൾ സ്ഥാപിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സാണ് കരാറെടുത്തത്. എന്നാൽ പരീക്ഷണം പരാജയപ്പെട്ടതോടെ രാജ്യത്ത് ഒരു കേന്ദ്രത്തിലും മിസൈൽ സ്ഥാപിച്ചില്ല. 30 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രുവിമാനങ്ങളെയും മിസൈലുകളെയും തകർക്കാൻ ലക്ഷ്യമിട്ടാണ് ആകാശ് മിസൈലിന് രൂപം നൽകിയിരുന്നത്. 2014 വരെ പരീക്ഷണത്തിന് വിധേയമാക്കിയ 20 ൽ ആറെണ്ണവും പരാജയപ്പെട്ടെന്നാണ് സിഎജിയുടെ കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ