അബുദാബി: ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി ശസ്ത്രക്രിയയ്ക്ക് വിധേയനായി. അബുദാബിയിലെ ബുര്‍ജില്‍ ആശുപത്രിയിലാണ് യൂസഫലിയുടെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത്. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്ജന് ഡോ. ഷാവാര്ബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിക്കുന്നതായും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി.നന്ദകുമാര്‍ അറിയിച്ചു.

Read More: എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി
ഈ മാസം 12ന് രാവിലെ കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനടുത്താണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തില്‍ പെട്ടത്. പനങ്ങാട്ടെ ചതുപ്പ് നിലത്തേക്ക് ഹെലികോപ്ടർ ഇടിച്ച് ഇറക്കുകയായിരുന്നു. തുടര്‍ന്ന് അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫ് അലി ബുര്‍ജില്‍ ആശുപത്രിയിലെത്തിയത്.
യുഎഇയിലെ വിവിധ ഭരണാധികാരികള്‍, മുഖ്യമന്ത്രി പിണറായി വിജയന്, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നേരിട്ട് വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചു.