ലക്നോ: ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഉത്തർപ്രദേശിലെ ലക്നോവിൽ രണ്ടായിരം കോടി ചെലവിൽ ലുലു മാൾ നിർമിക്കുന്നു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അയ്യായിരത്തിലേറെ പേർക്ക് തൊഴിൽ നൽകുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. ലക്നോവിൽ നടന്ന യുപി ഇൻവെസ്റ്റേഴ്സ് മീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് എം എ യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്.

ഇരുന്നൂറിലധികം ദേശീയ- രാജ്യാന്തര ബ്രാൻഡുകളും 11 സ്ക്രീനുകളുള്ള മൾടിപ്ളെക്സും 2500 സീറ്റുകളുള്ള ഫുഡ് കോർട്ടും 20 ൽ അധികം ഡൈനിംഗ് റസ്റ്ററന്റുകളുമുള്ളതായിരിക്കും മാൾ.

ലുലു ഗ്രൂപ്പ് ഇന്ത്യയിൽ രണ്ടു ബില്യൺ യു എസ് ഡോളറിന്റെ ( 14,000 ) കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിൽ നടത്തുന്നുണ്ടെന്നും ഉത്തർപ്രദേശിൽ വിവിധ മേഖലകളിൽ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്നും കാൺപൂരിലും നോയ്ഡയിലും റീടെയ്ൽ, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിംഗ് മേഖലകളിൽ ലുലു ഗ്രൂപ്പ് നിക്ഷേപ സാധ്യത ആരായുന്നുണ്ടെന്നും ശ്രീ. എം എ യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ലക്നോ ലുലു മാളിന്റെ ഒരു മിനിയേച്ചർ മോഡൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ശ്രീ എം എ യൂസഫലി അനാഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവർണർ രാം നായിക്, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ വിദേശ പ്രതിനിധികൾ തടങ്ങിയവർ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook