ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ പക്കോട ഉണ്ടാക്കിയതിന് എംഫില്‍ വിദ്യാര്‍ത്ഥിക്ക് 20,000 രൂപ പിഴ വിധിച്ചു. മനീഷ് കുമാര്‍ മീണ എന്ന വിദ്യാര്‍ത്ഥിക്കാണ് പിഴ അടക്കണമെന്ന നോട്ടീസ് കോളേജ് അധികൃതര്‍ നല്‍കിയത്. കൂടാതെ വിദ്യാര്‍ത്ഥിയോട് 10 ദിവസത്തിനകം കോളേജ് ഹോസ്റ്റലില്‍ നിന്ന് മാറണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ഭാഷാ വിഭാഗത്തിലെ നാല് വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിയുടെ ‘പക്കോട’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് റോഡരികില്‍ പക്കോട ഉണ്ടാക്കിയത്. പക്കോട വിൽക്കുന്ന ഒരാൾ ദിവസം 200 രൂപ സമ്പാദിക്കുന്നുണ്ട്, അപ്പോൾ അയാളെ തൊഴിൽരഹിതനെന്നു വിളിക്കാനാവില്ലെന്ന് നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. ഇതിനെ പരിഹസിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് ശേഷമാണ് മനീഷിന് കോളേജ് നോട്ടീസ് നല്‍കിയത്. ജൂലൈ 21നകം വിശദീകരണം നല്‍കി 20,000 രൂപ പിഴ അടക്കാനാണ് നിർദ്ദേശം. എന്നാല്‍ പിഴയടക്കാന്‍ തന്റെ കൈയ്യില്‍ പണമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘രാജ്യത്തെ ജനങ്ങളോട് പക്കോട ഉണ്ടാക്കി ജീവിച്ച് കൊള്ളാന്‍ പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പരിഹാസമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ ആശങ്കപ്പെടുത്തി. അതുകൊണ്ടാണ് ഞാന്‍ പ്രതിഷേധിച്ചത്. ഏത് ഹോസ്റ്റലിലേക്കാണ് ഞാന്‍ മാറേണ്ടതെന്ന് അവര്‍ നോട്ടീസില്‍ പറഞ്ഞിട്ടില്ല. അവസാനവട്ട പരീക്ഷകള്‍ക്കായി എനിക്ക് തയ്യാറെടുക്കേണ്ടതുണ്ട്. ഈ നടപടി എന്നെ പ്രതികൂലമായി ബാധിക്കും’, മനീഷ് പറഞ്ഞു.

ഇതിനെതിരെ നിയമനടപടി മാത്രമാണ് തന്റെ മുമ്പിലുളളതെന്ന് മനീഷ് പറഞ്ഞു. ഫെബ്രുവരി 5നാണ് പ്രതിഷേധം നടന്നത്. അന്നേദിവസം റോഡ് ഗതാഗതം തടസ്സപ്പെടുത്തി എന്നാണ് കോളേജ് അധികൃതര്‍ മനീഷിനെതിരെ കുറ്റം ഉന്നയിക്കുന്നത്. ‘ഞാന്‍ പക്കോട ഉണ്ടാക്കിയെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ നോട്ടീസില്‍ ഇത് വ്യക്തമായി സൂചിപ്പിച്ചിട്ടില്ല. അവരുടെ വലതുപക്ഷ ചായ്‍വ് കൊണ്ടാണ് ഇത് സൂചിപ്പിക്കാതിരുന്നത്. മോദിയെ പിണക്കരുതെന്നാണ് അവരുടെ ഉദ്ദേശ്യം’, മനീഷ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook