ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ 36 പുതുമുഖങ്ങൾക്കാണ് അവസരം ലഭിച്ചത്. ഇതോടെ, പ്രധാനമന്ത്രി അടക്കം കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 78 ആയി ഉയർന്നു. ഇവരിൽ 33 മന്ത്രിമാർക്കെതിരെ (42 ശതമാനം) ക്രിമിനൽ കേസുകളുണ്ട്. 24 മന്ത്രിമാർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളാണ് ഉളളത്. ഒരാൾക്കെതിരെ കൊലപാതകശ്രമമടക്കമുളള കേസുകളുണ്ടെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
മന്ത്രിസഭയിലെ 90 ശതമാനം പേർ (70 മന്ത്രിമാർ) കോടീശ്വരന്മാരാണ്. ജ്യോതിരാദിത്യ സിന്ധ്യ (ഏകദേശം 379 കോടി രൂപ), പിയൂഷ് ഗോയൽ (ഏകദേശം 95 കോടി), നാരായൺ റാണെ (ഏകദേശം 87 കോടി), രാജീവ് ചന്ദ്രശേഖർ (ഏകദേശം 64 കോടി) എന്നിവരെ സമ്പന്നരായ മന്ത്രിമാരായിട്ടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുളളത്.
Read More: പ്രതിപക്ഷം ഒന്നിച്ചു നിൽക്കണം, അല്ലെങ്കിൽ ചരിത്രം മാപ്പ് നൽകില്ലെന്ന് തേജസ്വി യാദവ്
രണ്ടാം മന്ത്രിസഭയിൽ ഏറ്റവും കുറവ് ആസ്തിയുളളത് ത്രിപുരയിൽനിന്നുളള പ്രതിമ ഭൗമിക് (ഏകദേശം ആറ് ലക്ഷം രൂപ), പശ്ചിമ ബംഗാളിൽനിന്നുളള ജോൺ ബെർല (ഏകദേശം 14 ലക്ഷം), രാജസ്ഥാനിൽനിന്നുളള കൈലാഷ് ചൗധരി (ഏകദേശം 24 ലക്ഷം), ഒഡിഷയിൽനിന്നുളള ബിശ്വേശ്വർ തുഡു (ഏകദേശം 27 ലക്ഷം) എന്നിവർക്കാണ്.
മന്ത്രിസഭാ പുനഃസംഘടനയ്ക്കുശേഷം ക്രിമിനൽ കേസുകളുളള കേന്ദ്രമന്ത്രിമാരുടെ എണ്ണം മൂന്നു ശതമാനം ഉയർന്നു. 2019 ൽ എഡിആർ നടത്തിയ അനാലിസിസിൽ ആദ്യത്തെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, 56 മന്ത്രിമാരിൽ 39 ശതമാനം പേരും ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരായിരുന്നു. ആ മന്ത്രിസഭയിൽ ഭൂരിപക്ഷവും (91 ശതമാനവും) കോടിപതികളായിരുന്നു.
മന്ത്രിസഭയിൽ കൂടുതൽ പേരും ബിരുദാനന്തര ബിരുദധാരികളാണ്. ഒൻപതു പേർക്ക് ഡോക്ടറേറ്റുണ്ട്. 17 പേർ വീതം ബിരുദധാരികളും പ്രൊഫഷണൽ ബിരുദധാരികളുമാണ്.