ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്. വൈകുന്നേരത്തിന് ശേഷം രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ച ആശങ്കകൾ ഉയർന്നിരുന്നു.
കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പുതിയ മെഡിക്കൽ ബുളളറ്റിനിൽ കാവേരി ആശുപത്രി അധികൃതർ അറിയിച്ചു.
അണുബാധയെ തുടർന്ന് ആരോഗ്യ നില മോശമായ കരുണാനിധിയെ കഴിഞ്ഞ ദിവസം ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ വീട്ടിൽ ആശുപത്രി സൗകര്യങ്ങളോടെയായിരുന്നു ചികിത്സിച്ചിരുന്നത്. അവിടെ നിന്നുമാണ് ആശുപത്രിയിലേയ്ക്ക് കഴിഞ്ഞ ദിവസം രാത്രിയോടെ മാറ്റിയത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് വിവിധ രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയിരുന്നു. മക്കൾ ഉൾപ്പടെ കുടുംബാഗംങ്ങൾ ആശുപത്രിയിലുണ്ട്.
”കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു”, കരുണാനിധിയെ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷം വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.
ഗോപാലപുരത്തെ വീട്ടിൽ നിന്നും 27-ാം തീയതി അർധരാത്രിയോടെയാണ് കരുണാനിധിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആശുപത്രിയിൽ അദ്ദേഹത്തിന്റെ ആരാധാകരും ഡിഎംകെയുടെ അണികളും ആ സമയം മുതൽ എത്തുന്നുണ്ടായിരുന്നു. ചെന്നൈയിൽ അതീവ സുരക്ഷാ നടപടികളെടുത്തിട്ടുണ്ട്.