ചെന്നൈ: ഇതിന്റെ ഭാഗമായി ഫെബ്രുവരി 22ന് തമിഴ്നാട്ടിലെ ഡി.എം.കെ ഓഫീസുകൾക്ക് മുന്നിൽ ഉപവാസം നടത്താന്‍ പാർട്ടി വർക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന് ആഹ്വാനം ചെയ്തു. തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങൾക്ക് സർക്കാരിനെതിരെ സമരം ശക്തമാക്കാനാണ് ഡിഎംകെയുടെ പുതിയ നീക്കം.
പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം എടുത്തത്. ശനിയാഴ്ച്ച മറീനാ ബീച്ചിൽ നിരാഹാര സമരം നടത്തിയതിന് സ്റ്റാലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്.
നിയമവിരുദ്ധമായി സംഘം ചേരുക, കലാപമുണ്ടാക്കാൻ ശ്രമിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സ്റ്റാലിനൊപ്പം സമരത്തിൽ പങ്കെടുത്ത 63 ഡി.എം.കെ എം.എൽ.എമാർ, മൂന്ന് എം.പിമാർ, പാർട്ടി പ്രവർത്തകർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിനിടെ തന്നെ വാച്ച് ആൻഡ് വാർഡ് വിഭാഗം മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സ്റ്റാലിൻ നിരാഹാരം തുടങ്ങിയത്.
നിരാഹാര സമരം നടത്തുന്നതിനിടെ മറീനാ ബീച്ചില്‍ നിന്നും സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തിരുച്ചിയില്‍ നിരാഹാര സമരത്തില്‍ താന്‍ പങ്കെടുക്കുമെന്ന് സ്റ്റാലിന് മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎല്‍മാര്‍ രാഷ്ട്രപതിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.