പനാജി: പശുവിനെ സംരക്ഷിക്കുന്നതിന്റെ പേരിൽ, ആൾക്കൂട്ടം സ്വന്തം നിലയ്ക്ക് വിചാരണ നടത്തി ആളുകളെ മർദ്ദിച്ച് കൊല്ലപ്പെടുത്തിയ സംഭവം, മുൻ സർക്കാരുകളുടെ കാലത്തും ഉണ്ടായിരുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ഗോവയിൽ ബിജെപി സംഘടിപ്പിച്ച പൊതുപരിപാടിയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജനക്കൂട്ടം ആളകളെ മർദിച്ചു കൊലപ്പെടുത്തുന്ന സംഭവത്തെ താരതമ്യത്തിലൂടെ കൂടുതൽ ഉറപ്പിക്കുന്നില്ല. ഇത്തരം കൊലപാതകങ്ങൾ 2011, 2012, 2013 കാലങ്ങളിലും ഉണ്ടായിരുന്നു. അന്ന് ആരും അത് ചോദ്യം ചെയ്തില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന സംഭവങ്ങളിൽ കേന്ദ്രസർക്കാരും ബിജെപിയുമാണ് പഴികേൾക്കുന്നത്. അന്ന് ആരും കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്തിരുന്നില്ല. പിന്നെ ഇന്നെങ്ങിനെയാണ് ചോദ്യം ചെയ്യുക?” അമിത് ഷാ ചോദിച്ചു..

രാജ്യത്ത് വർദ്ധിച്ച് വരുന്ന ഇത്തരം അക്രമ സംഭവങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ വലിയ തോതിൽ സോഷ്യൽ മാധ്യമങ്ങളിലും മറ്റും പ്രചാരണം ശക്തമായിരിക്കുമ്പോഴാണ് പ്രസ്താവന. “സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശ് ഭരിച്ച കാലത്താണ് മുഹമ്മദ് അഖ്ലാഖിനെ വീട്ടിൽ കയറി ഒരു സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്. എന്നാൽ അന്നും പ്രതിഷേധം മോദി സർക്കാരിനെതിരെയാണ്.” അമിത് ഷാ ചൂണ്ടിക്കാട്ടി.

“ഗോവയിൽ പോലും ബിജെപിക്കെതിരെ ഗോവധ നിരോധനം വലിയ പ്രശ്നമാക്കുന്നുണ്ട്. ഗോവയിൽ നിരോധനം കൊണ്ടുവന്നത് ബിജെപിയല്ല. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ന്യൂനപക്ഷ മതവിഭാഗക്കാർക്ക് യാതൊരു പ്രയാസവും ഇല്ല” എന്നും അമിത് ഷാ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ