ലക്‌നൗ: ബീഫ് കൈവശം വച്ചു എന്നാരോപിച്ച് 2015ല്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിശാല്‍ സിങ് റാണയെ വേദിയുടെ മുന്‍ നിരയിലിരുത്തി ഗോസംരക്ഷണത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിസാരയില്‍ നടന്ന അഖ്‌ലാഖിന്റെ കൊലയേയും ആദിത്യനാഥ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ബിസാരയില്‍ നടന്ന പ്രചാരണ പരിപാടിയിലായിരുന്നു സംഭവം.

‘ആര്‍ക്കാണ് ബിസാരയില്‍ എന്തു സംഭവിച്ചു എന്ന് ഓര്‍മയില്ലാത്തത്. സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ അടക്കമുള്ളവര്‍ നമ്മുടെ വികാരത്തെ പിടിച്ചു കെട്ടാനാണ് ശ്രമിച്ചത്’- ബിജെപിയുടെ ഗൗതം ബുദ്ധ നഗര്‍ സ്ഥാനാർഥി മഹേഷ് ശര്‍മ്മയ്ക്ക് വേണ്ടി വോട്ടു ചോദിച്ച് ആദിത്യനാഥ് പറഞ്ഞു. 2015ല്‍ ബിസാരയിലെ ദാദ്രിയില്‍ വച്ചാണ് അഖ്‌ലാഖ് കൊല്ലപ്പെടുന്നത്.

‘പശ്ചിമ യുപിയിലൂടെ കാളവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരാള്‍ ഒരു പുകയില വാങ്ങാനോ ചായവാങ്ങാനോ ഇറങ്ങിയാല്‍ അയാളുടെ കാളകളെ മോഷ്ടിക്കപ്പെടുമായിരുന്നു. എന്നാല്‍ നമ്മള്‍ അധികാരത്തിലെത്തിയതിന് ശേഷം, അനധികൃത ഗോശാലകള്‍ ഒറ്റയടിക്ക് നിരോധിച്ചു’- ആദിത്യനാഥ് പറഞ്ഞു.

അഖ്‌ലാഖ് വധക്കേസിലെ മുഖ്യകുറ്റാരോപിതനും ബിജെപിയുടെ പ്രാദേശിക പ്രവര്‍ത്തകന്‍ സഞ്ജയ് റാണയുടെ മകനുമായ വിശാല്‍ സിങ് റാണ, പുനീത് എന്നിവര്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. തന്നെക്കൂടാതെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 19ല്‍ പതിനാറു പേരും പരിപാടിയില്‍ ഉണ്ടായിരുന്നെന്ന് വിശാല്‍ അവകാശപ്പെടുന്നു.

നിലവില്‍ വിശാലിനെതിരെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതകം ശ്രമം) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കേസിന്റെ അന്വേഷണം അതിവേഗ കോടതിയില്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ 10നാണ്. പുനീതിന്റെ പേര് എഫ്‌ഐആറില്‍ ഇല്ലെങ്കിലും അഖ്‌ലാഖിന്റെ മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

വിശാലിന് 2017ലാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ‘അതെ, മറ്റുള്ളവരോടൊപ്പം ഞാനും റാലിയിലുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ബിജെപിയെ പിന്തുണക്കുന്നു’- വിശാല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ എല്ലാവരും ബിസാരയിലാണ്. എന്നാല്‍ സംഭവത്തിന് പിന്നാലെ അഖ്‌ലാഖിന്റെ കുടുംബം ഗ്രാമത്തില്‍ നിന്നും പോകുകയായിരുന്നു.

റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ, യുപിഎ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയായിരുന്നുവെന്ന് ബിജെപി നേതാവ് ആരോപിച്ചു. എന്നാല്‍ ഭീകരവാദത്തെ നേരിടുന്നതില്‍ ബിജെപിക്ക് രണ്ട് മാര്‍ഗങ്ങളേ ഉള്ളൂ. ഒന്നുകില്‍ ബുള്ളറ്റ്, അല്ലെങ്കില്‍ ബോംബ്-ആദിത്യനാഥ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook