ലിവിവ്: പോളണ്ട് അതിർത്തിയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ലിവിവ് നഗരം, യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർഥികളുടെ പ്രധാന ഇടനാഴിയായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം റഷ്യൻ അധിവേശത്തിന്റെ ഭാരം പേറാത്ത നഗരമാണ്. എന്നാൽ അതിർത്തിയിലേക്കുള്ള പാതയിൽ അതിന്റെ ഓർമ്മപ്പെടുത്തലുകളുണ്ട്.
മണൽ ചാക്കുകൾ, മുള്ളുകമ്പികൾ, കോൺക്രീറ്റ് കട്ടകൾ, ടയറുകൾ, മെറ്റൽ സ്ലാബുകൾ എന്നിവ കൊണ്ട് നിർമ്മിച്ച ചെക്ക്‌പോസ്റ്റുകളുമായി നഗരത്തിന്റെ അതിർത്തികൾ സന്നദ്ധപ്രവർത്തകരും പൊലീസും ചേർന്ന് സംരക്ഷിച്ചിരിക്കുകയാണ്. ഓരോ ഗ്രാമത്തിനും പട്ടണത്തിനും പുറത്ത് ചെറിയ ചെക്ക്‌പോസ്റ്റുകൾ കാണാം, അതിൽ ചിലതിൽ കാവൽ പോലും ഇല്ല. എന്നാൽ യുദ്ധം പടിഞ്ഞാറോട്ട് വന്നാൽ അത് നേരിടാൻ എല്ലാവരും തയ്യാറാണ്.
നഗരത്തിനുള്ളിൽ ജനങ്ങൾ സാധാരണ ജീവിതം നയിക്കുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ യുക്രൈനിൽ നിന്ന് പലായനം ചെയ്ത 3.5 ദശലക്ഷത്തിലധികം ജനങ്ങളിൽ ഭൂരിഭാഗവും ലിവിവിലൂടെ കടന്നുപോയവരാണ്, ഇപ്പോഴും നഗരത്തിലേക്ക് ജനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇവിടെ നിന്ന്, ബസുകളിലും കാറുകളിലും ട്രെയിനുകളിലുമായി അവർ പോളണ്ടിലേക്ക് പോകുന്നു. കാൽനടയായി പോകുന്നവരും ഉണ്ട്. പോളണ്ട് അതിർത്തി കടക്കുന്ന ഇവർ വാർസോയിൽ നിന്നാണ് മറ്റ് യൂറോപ്യൻ നഗരങ്ങളിലേക്ക് തിരിക്കുന്നത്.
വാഹനങ്ങളിൽ എത്തുന്നവർക്ക് വേണ്ടിയുള്ള ഹ്റെബെന്നെ ബോർഡർ പോയിന്റിൽ നിന്ന്, കുടുംബങ്ങൾ കാൽനടയായി കടന്നുപോകുന്നത് കാണാം. പോളണ്ടിലേക്കുള്ള വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്, എന്നാൽ പോളിഷ്, യുക്രൈൻ രജിസ്ട്രേഷനിലുള്ള ചില കാറുകൾ യുക്രൈനിലേക്ക് പ്രവേശിക്കുന്നതും കാണാം.
ലിവിവ് വഴിയാണ് സ്വെറ്റ്‌ലാന വാസിലെങ്കോ തന്റെ രണ്ട് കുട്ടികളുമായി പോളണ്ടിലേക്ക് പ്രവേശിച്ചത്. വാർസോയിൽ വച്ച് അവരുടെ ബാഗിൽ നിന്ന് ഒരു ചെറിയ കലണ്ടർ എടുക്കുമ്പോൾ, സ്വെറ്റ്‌ലാനയ്ക്കയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. യുക്രൈനിലെ തന്റെ വീട് വിട്ടു നിന്ന ദിവസങ്ങളാണ് അവർ അതിൽ മാർക്ക് ചെയ്തിരുന്നത്. വീടും, യുദ്ധത്തിൽ സൈന്യത്തെ സഹായിക്കാൻ നാട്ടിൽ തുടരുന്ന ഭർത്താവിനെയും വിട്ടുനിൽക്കുന്നത് അവരെ അത്രമാത്രം വേദനിപ്പിക്കുന്നുണ്ടായിരുന്നു.
റഷ്യൻ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 നെ കലണ്ടറിൽ വട്ടത്തിൽ മാർക്ക് ചെയ്തിരിക്കുന്നു. കലണ്ടറിലെ ഫെബ്രുവരി 28 മുതലുള്ള ദിവസങ്ങൾ വെട്ടുകയും ചെയ്തിട്ടുണ്ടായിരുന്നു.
19 വയസ്സുള്ള മകളോടും 20 വയസ്സുള്ള മകനോടുമൊപ്പം 41 കാരിയായ സ്വെറ്റ്‌ലാന ഇനി ജർമ്മനിയിലേക്കാണ് പോകുന്നത്. നേരത്തെ പലായനം ചെയ്ത അവരുടെ മാതാപിതാക്കൾ ഇപ്പോൾ അവിടെയാണ്. സൈനിക നിയമം കാരണമാണ് അവരുടെ ഭർത്താവ് അലെക്‌സാണ്ടറിന് യുക്രൈൻ വിടാൻ കഴിയാതിരുന്നത്. എന്നിട്ടും, ലിവിവിന്റെ തെക്കുകിഴക്കൻ നഗരമായ ഇവാനോ-ഫ്രാങ്കിവ്സ്കിലേക്ക് അവരെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അലക്‌സാണ്ടറുമൊത്തുള്ള സ്വെറ്റ്‌ലാനയുടെ അവസാന ഫോട്ടോ അന്നത്തേതാണ്. പിന്നെ, വളർത്തുനായയെയും കൂട്ടി സേനയിൽ ചേരാൻ അദ്ദേഹം തിരികെ പോയി. അവർ കുട്ടികളുമായി ലിവിവിലേക്ക് വന്നു, മൂന്ന് പേരും ചൊവ്വാഴ്ച വാർസോയിൽ എത്തി.
“നമ്മുടെ രാജ്യത്ത് യുദ്ധമുണ്ടാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ ഒരിക്കലും എന്റെ വീടോ രാജ്യമോ വിട്ട് പോകാൻ ആഗ്രഹിച്ചിട്ടില്ല. എനിക്കൊരു കുടുംബമുണ്ട്. പക്ഷേ, അവരുടെ സ്‌കൂളിൽ ബോംബെറിഞ്ഞതിനാൽ എന്റെ കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയില്ലെന്ന് ഞാൻ മനസിലാക്കി. യുദ്ധം കാരണം എനിക്ക് ജോലിക്ക് പോകാൻ കഴിയില്ല. യുക്രൈൻ വിടുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു, എന്നാൽ കുട്ടികൾ സ്കൂളിൽ പോകണം, പഠിക്കണം.” അവർ പറഞ്ഞു.
Also Read: Russia – Ukraine War News: യുക്രൈനിൽ 7,000 മുതൽ 15,000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി നാറ്റോ
യുദ്ധത്തിന് മുമ്പ്, സ്വെറ്റ്‌ലാന ഓഫീസ് മാനേജരായി ജോലിചെയ്യുകയായിരുന്നു, ലിവിവിനടുത്തുള്ള ഒരു ഗിയർ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു അലക്സാണ്ടർ. അവരുടെ വീട് ഇപ്പോഴും കേടുകൂടാതെയുണ്ടോ എന്ന് അവൾക്കറിയില്ല. ഒരു ദിവസം വീട്ടിലേക്ക് മടങ്ങാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു, “പക്ഷെ, ഇപ്പോൾ, നമ്മുടെ കുട്ടികളുടെ ഭാവിക്കായി, മറ്റൊരു രാജ്യത്ത് താമസിക്കണം”. അവർ പറഞ്ഞു.
അതേ സമയം,എല്ലാ ദിവസവും അലക്സാണ്ടറുമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്, അയാളെ കുറിച്ചോർത്ത് വിഷമിക്കാറുണ്ട്. “ഞങ്ങളെ കുറിച്ച് ഓർത്ത് അയാൾക്ക് ഭയമാണ്, കാരണം ഞാൻ മറ്റൊരു രാജ്യത്തും പോയിട്ടില്ല,” സ്വെറ്റ്‌ലാന പറഞ്ഞു.
മരണഭയത്താൽ മാത്രമല്ല പലരും പലായനം ചെയ്യുന്നത്. മക്കളുടെ വിദ്യാഭ്യാസവും അവരുടെ ജോലിയും ഓർത്താണ് , അതൊന്നുമില്ലാതെ കഴിയാത്തത് കൊണ്ടാണ്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, യുക്രൈൻ അഭയാർഥികളെ സ്വാഗതം ചെയ്യാനും അവർക്ക് പാർപ്പിടവും ഭക്ഷണവും നൽകാനും യൂറോപ്യൻ യൂണിയന് തയ്യാറാകുന്നുണ്ട്. മാർച്ച് നാലിന്, യുക്രൈൻ അഭയാർത്ഥികൾക്ക് താത്കാലിക സംരക്ഷണം നൽകുന്ന നിയമം യൂറോപ്യൻ യൂണിയന് പാസാക്കിയിരുന്നു. ജോലികൾ മറ്റും നേടാൻ സഹായിക്കുന്നതാണ് അത്.
വാർസോ സെൻട്രലിൽ, സ്വെറ്റ്‌ലാന ജർമ്മനിയിലേക്കുള്ള തന്റെ ട്രെയിനിനായി കാത്തിരിക്കുമ്പോൾ, 45 കാരിയായ മാർഗരിറ്റ സുചോകവ യുക്രൈൻ പതാകയും പോളണ്ട്-ഉക്രെയ്ൻ ഐക്യദാർഢ്യം സൂചിപ്പിക്കുന്ന ബട്ടണും വാങ്ങുകയണ്, എല്ലാം 15 സ്ലോട്ടിക്കിനാണ് (ഏകദേശം 270 രൂപ) വാങ്ങുന്നത്.
ബാങ്ക് ഉദ്യോഗസ്ഥയായ അവർ ഹാർകീവിലെ തന്റെ വീടുപേക്ഷിച്ചാണ് മാർച്ച് രണ്ടിന് വാർസോയിൽ എത്തിയത്.
ഫെബ്രുവരി 24 ന് രാവിലെ, താൻ കേട്ട ബോംബുകളുട ശബ്ദം അന്നുവരെ കേട്ട മറ്റെന്തിനേക്കാളും ഭീകരമായിരുന്നു എന്ന് അവർ പറഞ്ഞു. “അത്രയും ഭയാനകമായ ശബ്ദം, അത് ഒരുപാട് ആളുകളെ വീട് വിടാൻ പ്രേരിപ്പിച്ചു,” അവൾ പറഞ്ഞു. മാർച്ച് ഒന്നിന്, ഒരു സുഹൃത്ത്, തന്റെ മൂന്ന് കുട്ടികളുമായി രാജ്യം വിടുകയാണെന്ന് പറഞ്ഞു, ഒപ്പം വരാൻ അവളോട് ആവശ്യപ്പെട്ടു. വെറും 15 മിനിറ്റിനുള്ളിൽ, പോകാൻ തീരുമാനമെടുത്തു. പാസ്പോർട്ടും ബാഗുമായി ഇറങ്ങി.
യാത്രചെയ്യാൻ കഴിയാത്ത രോഗബാധിതരായാ അവളുടെ അമ്മയും സഹോദരിയും ഇപ്പോഴും ഹാർകീവിലാണ്. “ആരെങ്കിലും ജോലി ചെയ്യണം, കുടുംബത്തെ പോറ്റണം. പേടിച്ചിട്ടല്ല ഞാൻ പോയത്. എന്റെ രാജ്യത്തെ സംരക്ഷിക്കാൻ ഞാനും ആഗ്രഹിക്കുന്നു…പക്ഷെ ആരെങ്കിലും ജോലി ചെയ്യുകയും കുറച്ച് പണം സമ്പാദിക്കുകയും വേണം… ഉക്രെയ്നിലെ ഓരോ നഗരവും തകർന്നിരിക്കുകയാണ്,” അവൾ പറഞ്ഞു.
വാർസോയിൽ സുഹൃത്തുക്കളുടെ ഒപ്പമാണ് മാർഗരിറ്റ. “ഹാർകീവിലേതിനേക്കാൾ മോശം അവസ്ഥയിലാണ് ഞാൻ. ഏത് മണിക്കൂറിലും എന്റെ കുടുംബത്തിന് എന്തും സംഭവിക്കാം, ”അവൾ പറഞ്ഞു. ഇംഗ്ലീഷ് സംസാരിക്കുന്ന ഏതെങ്കിലും രാജ്യത്ത് ജോലി കണ്ടെത്താൻ കഴിയുമെന്നാണ് മാർഗരിറ്റയുടെ പ്രതീക്ഷ.
“എന്റെ മനസ് എന്റെ കുടുംബത്തിനും എന്റെ രാജ്യത്തിനും ഒപ്പമാണ്. എനിക്ക് വീട്ടിലേക്ക് മടങ്ങാൻ ശരിക്കും ആഗ്രഹമുണ്ട്. ഞങ്ങളുടെ രാജ്യത്ത് ജോലി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ എനിക്കിപ്പോൾ മറ്റ് മാർഗമില്ല, ”അവൾ പറഞ്ഞു.
യുദ്ധമേഖലയിൽ നിന്നുള്ള കൂടുതൽ വാർത്തകൾ വായിക്കാം