ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജലയാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 13-ന് വാരണാസിയില്‍ ഫ്ലാഗ് ഓഫ് ചെയ്യും. വാരണാസിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ബംഗ്ലാദേശ് വഴി ഡിബ്രുഗഡിലേക്കാണ്. എം വി ഗംഗ വിലാസ് ക്രൂയിസ് കപ്പലില്‍ 51 ദിവസം നീണ്ടു നില്ക്കുന്ന യാത്ര 3,200 കിലോ മീറ്റര്‍ പിന്നിടും.
എംവി ഗംഗ വിലാസ് എന്ന കപ്പൽ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 27 നദീതടങ്ങളിലൂടെ സഞ്ചരിക്കും. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശിയ പാർക്കുകൾ എന്നിവയുൾപ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങളും യാത്രയില്‍ സന്ദര്‍ശിക്കാം.
സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം ക്രൂയിസ് കപ്പൽ ബിഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകും. മാർച്ചിൽ ഡിബ്രുഗഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്ര ഇന്ത്യയില്‍ റിവർ ക്രൂയിസ് ടൂറിസത്തിന്റെ സാധ്യതകള്‍ തുറന്ന് നല്‍കുമെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. രാജ്യത്തെ നദികളുടെ പ്രത്യേകതകള്‍ പര്യവേക്ഷണം ചെയ്യുക എന്നതാണ് യാത്രയുടെ പിന്നിലെ ആശയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗംഗ വിലാസിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യവും ഉള്‍പ്പടെ എല്ലാ ആഡംബര സംവിധാനങ്ങളുമുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള 32 വിനോദസഞ്ചാരികളായിരിക്കും ആദ്യ യാത്രയുടെ ഭാഗമാകുക. പ്രാദേശിക സഞ്ചാരം ആസ്വദിക്കുന്നതിനായി ജനുവരി 10-ന് ഇവര്‍ കപ്പലില്‍ എത്തും.

ഒരാള്‍ക്ക് പ്രതിദിനം 25,000 രൂപയായിരിക്കും യാത്രയ്ക്ക് ചിലവാക്കേണ്ടി വരികയെന്ന് കപ്പല്‍ അധികൃതര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. സ്വകാര്യ ഓപ്പറേറ്റർമാർക്കായിരിക്കും കപ്പലിന്റെ ചുമതല.