scorecardresearch
Latest News

മോദിക്കെതിരെ കേജ്‌രിവാള്‍; ‘സിസോദിയക്കെതിരായ കേസ് ഒരാളുടെ അധികാരമോഹം’

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഒരു പുതിയ സീരിയല്‍ കില്ലര്‍ അഴിഞ്ഞാടുകയാണെന്ന് കേജ്‌രിവാൾ പറഞ്ഞു

മോദിക്കെതിരെ കേജ്‌രിവാള്‍; ‘സിസോദിയക്കെതിരായ കേസ് ഒരാളുടെ അധികാരമോഹം’

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ കേസ് അഴിമതിക്കെതിരെ പോരാട്ടമല്ല, മറിച്ച് ഒരാളുടെ അധികാരത്തോടുള്ള ആര്‍ത്തി തൃപ്തിപ്പെടുത്താനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സിസോദിയയ്ക്കെതിരായ കേസ് പൂര്‍ണമായും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

”മനീഷ് സിസോദിയയ്ക്കെതിരെ ഫയല്‍ ചെയ്ത കേസ് പൂര്‍ണമായും വ്യാജമാണ്. അവര്‍ (ബി ജെ പി) ഇത് അഴിമതിക്കെതിരായ പോരാട്ടമാണെന്നു പറയുന്നു. പക്ഷേ അത് അങ്ങനെയല്ല. ഇത് ഒരാളുടെ അധികാരമോഹത്തിനുവേണ്ടിയുള്ള പോരാട്ടമാണ്,” ഡല്‍ഹി നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനത്തില്‍ കേജ്‌രിവാള്‍ പറഞ്ഞു.

”തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഒരു പുതിയ സീരിയല്‍ കില്ലര്‍ അഴിഞ്ഞാടുകയാണ്. വെടിക്കെട്ട്. ‘മറ്റുള്ളവര്‍ സര്‍ക്കാരുണ്ടാക്കുന്നു, അവര്‍ താഴെയിറക്കുന്നു. അവര്‍ പൗരന്മാരെ ചവിട്ടിമെതിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ആളുകള്‍ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്തു, അവര്‍ അതിനെ അട്ടിമറിച്ചു… അവര്‍ ജനങ്ങളുടെ പിന്നാലെയാണ്… എല്ലായിടത്തും ഒരേ രീതിയാണ്.. ആദ്യം അവര്‍ ജയിനു പിന്നാലെ സി ബി ഐയെയും ഇ ഡിയെയും അയച്ചു, ഇപ്പോള്‍ അവര്‍ ലക്ഷ്യമിടുന്നതു സിസോദിയയെയാണ്,” ഒരു ദിവസം മുന്‍പ് ട്വീറ്റ് ചെയ്ത കാര്യം ആവര്‍ത്തിച്ചുകൊണ്ട് കേജ്‌രിവാള്‍ പറഞ്ഞു.

”വിദ്യാഭ്യാസ മേഖലയിലെ ഡല്‍ഹി സര്‍ക്കാരിന്റെ വിജയങ്ങളെക്കുറിച്ചുള്ള വാര്‍ത്ത ന്യൂയോര്‍ക്ക് ടൈസംസ് പ്രസിദ്ധീകരിച്ചപ്പോള്‍ അത് രാജ്യത്തിനു മുഴുവന്‍ അഭിമാനകരമായ നിമിഷമായിരുന്നു. ആരോടെങ്കിലും ചോദിച്ചാല്‍ എനിക്ക് തോന്നും. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ആരാണെന്നു ചോദിച്ചാല്‍ ആര്‍ക്കെങ്കിലും അറിയാമെന്നു തോന്നുന്നില്ല. ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി ആരാണെന്നു ചോദിച്ചാല്‍ ആര്‍ക്കെങ്കിലും അറിയാമെന്നു തോന്നുന്നില്ല. ആരാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്നു ചോദിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ കണ്ടു. മനീഷ് സിസോദിയ എന്നാണ് അവന്‍ പറഞ്ഞത്. രാജസ്ഥാനിലെയും യു പിയിലെയും വിദ്യാഭ്യാസ മന്ത്രി ആരാണെന്നു ചോദിച്ചപ്പോള്‍ മനീഷ് സിസോദിയ’ എന്നാണ് അവന്‍ പറഞ്ഞത്. ഈ രാജ്യത്ത് ഒരു വിദ്യാഭ്യാസ മന്ത്രി മാത്രമേയുള്ളൂ, അത് മനീഷ് സിസോദിയയാണ്. നിങ്ങള്‍ ഒരു അമേരിക്കക്കാരനോട് ചോദിച്ചാലും സിസോദിയയുടെ പേര് പറയും,” ന്യൂയോര്‍ക്ക് ടൈംസ് പത്രം ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് കൃത്യം ഒരാഴ്ച കഴിഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് ‘ജനാധിപത്യം മരിക്കുന്നിടത്താണു മോദിയുടെ ഇന്ത്യ,’ എന്ന തലക്കെട്ടില്‍ മറ്റൊന്ന് പുറത്തുവന്നു. മോദിയുടെ ഇന്ത്യയില്‍ ജനാധിപത്യം കൊല്ലപ്പെടുകയാണ്. ഇന്ത്യയ്ക്കെതിരായ എന്തെങ്കിലുമൊന്ന് ഒരു അന്താരാഷ്ട്ര പത്രം പ്രസിദ്ധീകരിക്കുന്നതു വേദനിപ്പിക്കുന്നു.

ഡല്‍ഹി മോഡലിനെക്കുറിച്ച് സംസാരിക്കാന്‍ സിംഗപ്പൂരില്‍ പോകുന്നതു തടയാന്‍ ‘ദേശവിരുദ്ധ ശക്തികള്‍’ നടത്തുന്ന ഗൂഢാലോചനയെക്കുറിച്ചും കേജ്‌രിവാള്‍ പരാമര്‍ശിച്ചു.

”മദ്യനയത്തില്‍ അഴിമതി നടത്തിയെന്നു പറഞ്ഞ് അവര്‍ സിസോദിയക്കെതിരെ കള്ളക്കേസ് ഫയല്‍ ചെയ്തു. നിങ്ങള്‍ പറയുന്ന അഴിമതി എന്താണെന്ന് ചോദിച്ചപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു, അദ്ദേഹം 1.5 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയെന്ന്. ഡല്‍ഹിയുടെ ബജറ്റ് ഇത്രയുമില്ല. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്രയും വലിയ അഴിമതി നടത്താന്‍ കഴിയുന്നത്? അപ്പോള്‍ ഒരു മുതിര്‍ന്ന ബി ജെ പി വക്താവ് 8,000 കോടി രൂപയുടെ അഴിമതി ആരോപിച്ചു,” സിസോദിയയ്ക്കെതിരായ കേസിനെക്കുറിച്ച് കേജ്‌രിവാള്‍ പറഞ്ഞു.

”രണ്ട് ബി.ജെ.പി നേതാക്കള്‍ പത്രസമ്മേളനം നടത്തി സിസോദിയ 1100 കോടിയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചു, തുടര്‍ന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ 144 കോടി സംബന്ധിച്ച് റിപ്പോര്‍ട്ട് അയച്ചു. സി ബി ഐ എഫ് ഐ ആറില്‍ പറയുന്നത് ഒരു കോടി രൂപയാണ്. അതും ഒരു കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന്. സിസോദിയ ഇതില്‍ എങ്ങനെ ഉള്‍പ്പെടുന്നത്? നിങ്ങള്‍ (ബി ജെ പി എം എല്‍ എമാരെ) വ്യത്യസ്ത മുറികളില്‍ ഇരുത്തി ഈ അഴിമതി എന്താണെന്ന് ചോദിച്ചാല്‍ അവര്‍ക്ക് പറയാന്‍ കഴിയില്ല,”ബി.ജെ.പി നേതാക്കളായ മനോജ് തിവാരിയും അനുരാഗ് താക്കൂറും നടത്തിയ പത്രസമ്മേളനത്തെ പരാമര്‍ശിച്ച് കേജ്‌രിവാള്‍ പറഞ്ഞു.

”അഴിമതിയില്ലെന്നതാണു സത്യം. സുതാര്യമായ നയമായിരുന്നു. അവര്‍ സിസോദിക്കെതിരെ കള്ളക്കേസാണു ഫയല്‍ ചെയ്തത്. 14 മണിക്കൂര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അടുക്കളയും കിടപ്പുമുറിയും മുതല്‍ ടോയ്ലറ്റ് വരെ എല്ലാ മൂലയിലും തിരഞ്ഞു. ടോയ്ലറ്റ് വരെ… ചുവരുകളില്‍ മുട്ടിനോക്കി. സിനിമകളില്‍ കാണുന്നതു പോലെ മെത്തകളും തലയിണകളും വലിച്ചുകീറി. പക്ഷേ ഒന്നും കണ്ടെത്താനായില്ല,” അദ്ദേഹം പറഞ്ഞു.

സിസോദിയയെയും മറ്റു എം എല്‍ എമാരെയും എ എ പിയില്‍നിന്ന് അടര്‍ത്താന്‍ ബി ജെപി ശ്രമിച്ചുവെന്ന ആരോപണവും കേജ്‌രിവാള്‍ ആവര്‍ത്തിച്ചു. ”ഇത് സംഭവിക്കുന്നതു വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കാരണമാണ്. കാരണം സംസ്ഥാനത്ത് ബിജെപിയുടെ കോട്ട തകരുകയാണ്. അവിടെ മത്സരിക്കില്ലെന്ന് ഇന്ന് എ എ പി പ്രഖ്യാപിച്ചാല്‍ ഈ അന്വേഷണങ്ങളും സി ബി ഐ, ഇ ഡി റെയ്ഡുകളും അവസാനിക്കും,” അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Lust for power at special assembly session kejriwal takes aim at pm