ലക്‌നൗ: ട്രക്ക് ഡ്രൈവർമാരുടെ സ്ഥിരം വേഷമാണ് ലുങ്കിയും ബനിയനും. എന്നാൽ ഉത്തർപ്രദേശിൽ ട്രക്ക് ഡ്രൈവർമാരും അവരുടെ സഹായികളും ഇനി മുതൽ ലുങ്കിയും ബനിയനും ധരിച്ചാൽ 2000 രൂപ പിഴ നൽകേണ്ടി വരും. മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം വാണിജ്യ വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും പ്രത്യേക ഡ്രസ് കോഡ് നിഷ്കർഷിക്കുന്നുണ്ട്.

ഡ്രൈവർമാർക്ക് പാന്റ്സിനൊപ്പം ഷർട്ടോ അല്ലെങ്കിൽ ടീ ഷർട്ടോ ധരിക്കാം. വാഹനം ഓടിക്കുന്ന സമയത്ത് ഷൂസ് നിർബന്ധമാണ്. എല്ലാ സ്കൂൾ ബസിലെ ഡ്രൈവർമാർക്കും സർക്കാർ വാഹനങ്ങളിലെ ഡ്രൈവർമാർക്കും യൂണിഫോം വേണമെന്നും നിയമഭേദഗതിയിലുണ്ട്.

Read Also: മോട്ടോർ വാഹന നിയമ ഭേദഗതി; നാല് ദിവസം കൊണ്ട് പിഴയായി കിട്ടിയത് 46 ലക്ഷം രൂപ

1939 ലെ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ഡ്രസ് കോഡ് നിലവിലുണ്ടെന്ന് എഎസ്‌പി (ട്രാഫിക്) ലക്‌നൗ പൂർണേന്ദു സിങ് മാധ്യമങ്ങളോട് പറഞ്ഞു. 1989 ൽ നിയമം ഭേദഗതി ചെയ്തപ്പോൾ ഡ്രസ് കോഡ് ലംഘനത്തിന് 500 രൂപ പിഴ നിശ്ചയിച്ചു. ഇപ്പോഴിത് 2000 രൂപയാക്കി ഉയർത്തിയതായി അദ്ദേഹം പറഞ്ഞു. എല്ലാ സ്കൂൾ ബസിലെ ഡ്രൈവർമാർക്കും ഈ നിയമം ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മോട്ടോര്‍ വാഹന ഭേദഗതി ബില്‍, 2019 ജൂലൈ 15നാണ് ലോക്‌സഭ പാസാക്കിയത്. നിലവിലുള്ള 1988 ലെ മോട്ടോര്‍ വെഹിക്കിള്‍സ് നിയമത്തില്‍ സര്‍ക്കാര്‍ നിർദേശിച്ച ഭേദഗതികള്‍ പ്രധാനമായും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook