Penumbral Lunar Eclipse 2023: ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് കുറേ മിത്തുകളും അന്ധവിശ്വാസങ്ങളും നമുക്കിടയിലുണ്ട്. ചന്ദ്രഗ്രഹണം സംഭവിക്കുന്ന സമയത്ത് വീടുകളില്‍ പൊതുവേ പ്രായമുള്ളവര്‍ ആഹാരം ഉപേക്ഷിക്കാറുണ്ട്. ആ സമയത്ത് ഭൂമി പുറത്തുവിടുന്ന അപകടകാരികളായ കിരണങ്ങള്‍ മൂലം ദഹനപ്രശ്‌നങ്ങള്‍ വരുമെന്നു പറഞ്ഞാണ് ആളുകള്‍ ജലപാനം ഉപേക്ഷിക്കുന്നത്.
ചന്ദ്രഗ്രഹണ സമയത്ത് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടൂതല്‍ ശ്രദ്ധ ചെലുത്തണം എന്നാണ് വിശ്വസിക്കുന്നത്. കാരണം അബദ്ധത്തില്‍ ഈ സമയം കൈ മുറിഞ്ഞാല്‍ രക്തം ധാരാളം നഷ്ടപ്പെടുമെന്നും അത് നില്‍ക്കാന്‍ പതിവിലധികം സമയമെടുക്കുമെന്നുമാണ് ഇവരുടെ പക്ഷം. ഒപ്പം ഈ മുറിപ്പാടുകള്‍ ജീവിതകാലം മുഴുവന്‍ മായാതെ നില്‍ക്കുമെന്നും പറയപ്പെടുന്നു. ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചന്ദ്രഗ്രഹണ സമയത്ത് ആളുകള്‍ പുറത്തിറങ്ങുകയോ ജോലിക്കു പോകുകയോ പോലും ചെയ്യാറില്ല.
ഗര്‍ഭിണികള്‍ ചന്ദ്രഗ്രഹണ സമയത്ത് പുറത്തിറങ്ങരുതെന്നും വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ചന്ദ്രന്റെ നീക്കങ്ങള്‍ ഉദരത്തിലെ കുഞ്ഞിന് അപകടമാണെന്നു പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. ഒപ്പം ഇവരെ കത്തിയോ മറ്റ് മൂര്‍ച്ചയുള്ള വസ്തുക്കളോ ഉപയോഗിക്കാനും സമ്മതിക്കില്ല.
ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം പുറത്തു വയ്ക്കരുത് എന്നും ചിലർ വിശ്വസിക്കുന്നു. ബാക്കി വരുന്നത് കളയുകയോ അല്ലാത്ത പക്ഷം അതിന്റെ ദോഷവശങ്ങള്‍ ഒഴിവാക്കാന്‍ അതില്‍ കുറച്ച് തുളസിയിലയിട്ടു വയ്ക്കുകയോ ചെയ്യാം എന്നാണ് പറയുന്നത്.
ശരിക്കുമൊന്ന് ഇരുത്തി ചിന്തിച്ചാല്‍ പണ്ടു കാലങ്ങളില്‍ ഇതിലെ പലവി ശ്വാസങ്ങളും പ്രസക്തമായിരുന്നു. അന്ന് വെളിച്ചമില്ലാത്ത കാലങ്ങളില്‍ ആളുകള്‍ക്ക് ദൂരദേശങ്ങളിലേക്ക് പോകുകയും കാട്ടില്‍ പോകുകയോ ഒക്കെ ചെയ്യുന്ന നേരം ഇത്തരം വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നതില്‍ അല്പമെങ്കിലും പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നാട് വൈദ്യുതീകരിക്കുക വഴി ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ ഇടയിലും ചന്ദ്രഗ്രഹണം സംബന്ധിച്ച് നിരവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ കടുവ ചന്ദ്രനെ ആക്രമിക്കുകയും തിന്നുകയും ചെയ്തപ്പോള്‍ ചന്ദ്രന്‍ ചുവപ്പു നിറമായെന്നും അതാണ് ‘ബ്ലഡ് മൂണ്‍’ എന്നും വിശ്വസിക്കുന്ന ഒരു ഗോത്രം ഇവിടെയുണ്ട്. ചന്ദ്രനെ വിഴുങ്ങിയ ശേഷം കടുവ ഭൂമിയിലേക്ക് വീഴുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ഇത് ചെറുക്കാനായി ‘ഇന്‍കാസ്’ എന്ന ഈ വിഭാഗം തങ്ങളുടെ കുന്തങ്ങള്‍ ചന്ദ്രഗ്രഹണത്തിനു നേരെ തിരിച്ചു വയ്ക്കും. തങ്ങളുടെ നായ്ക്കളെ തല്ലുകയും ചെയ്യും. അങ്ങനെ അവ കുരയ്ക്കുകയും ഓളിയിടുകയും ചെയ്യും.
വടക്കന്‍ കാലിഫോര്‍ണിയയിലെ ഗോത്ര വിഭാഗത്തിനിടയില്‍ മറ്റൊരു വിശ്വാസമാണ് നിലനില്‍ക്കുന്നത്. അവരുടെ വിശ്വാസപ്രകാരം ചന്ദ്രന് 20 വളര്‍ത്തുമൃഗങ്ങളും ഒരു ഭാര്യയുമുണ്ട്. തങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം നല്‍കിയില്ലെങ്കില്‍ ഈ വളര്‍ത്തുമൃഗങ്ങള്‍ ചേര്‍ന്ന് ചന്ദ്രനെ ഉപദ്രവിക്കും. തുടര്‍ന്ന് ചന്ദ്രനിൽ നിന്നും രക്തം വരും. അങ്ങനെ ബ്ലഡ് മൂണ്‍ ഉണ്ടാകുന്നു. പിന്നീട് ചന്ദ്രന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ഭാര്യയെത്തി ഈ രക്തം ശേഖരിക്കുകയും ഇതവസാനിക്കുകയും ചെയ്യുന്നു.
ആഫ്രിക്കയിലെ ബടമാലിബ വിഭാഗത്തിനിടയിലും തീര്‍ത്തും വ്യത്യസ്തമായൊരു വിശ്വാസമാണ് ചന്ദ്രഗ്രഹണത്തെക്കുറിച്ച് നിലനില്‍ക്കുന്നത്. ചന്ദ്രനും സൂര്യനും പരസ്പരം യുദ്ധം ചെയ്യുകയും പിന്നീട് യുദ്ധം അവസാനിപ്പിക്കാമെന്നു പറഞ്ഞ് ഇരുവരും നേര്‍ക്കുനേര്‍ വരികയും ചെയ്യുമ്പോഴാണ് ഭൂമിയിലുള്ളവര്‍ ചന്ദ്രഗ്രഹണം ദര്‍ശിക്കുന്നത് എന്നാണ് ഇക്കൂട്ടരുടെ വാദം. ഈ സമയത്ത് ആളുകള്‍ ഒത്തുകൂടുകയും പരസ്പരമുള്ള പ്രശ്‌നങ്ങളില്‍ അനുരഞ്ജനം നടത്തുകയും ചെയ്യുന്നു.