ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ വിഷവാതകം ശ്വസിച്ച് 11 പേര്‍ മരിച്ചു. വിഷ വാതകം ശ്വസിച്ച് അബോധാവസ്ഥയിലായ 4 പേരുടെ നില ഗുരുതരമാണ്. ജിയാസ്പുരയിലെ ഈസ്റ്റ്മാന്‍ ചൗക്കിന് സമീപം സുവാ റോഡിലാണ് സംഭവം. എന്നാല്‍, വാതക ചോര്‍ച്ചയുടെ ഉറവിടം വ്യക്തമല്ല. പ്രദേശം സീല്‍ ചെയ്തതായി ലുധിയാന സൗത്ത് എംഎല്‍എ രജീന്ദര്‍പാല്‍ കൗര്‍ ചൈന പറഞ്ഞു.
അപകടത്തില്‍ സൗരവ് (35), വര്‍ഷ (35), ആര്യന്‍ (10), ചുളു (16), അഭയ് (13), കല്‍പേഷ് (40) എന്നിവരാണ് മരിച്ചത്. മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (രണ്ട് സ്ത്രീകളും ഒരു പുരുഷനും). എല്ലാ മൃതദേഹങ്ങളും ലുധിയാനയിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
”എന്‍ഡിആര്‍എഫ് വിദഗ്ധര്‍ ചോര്‍ന്ന വാതക ഏതെന്ന് പരിശോധിക്കുകയാണെന്നും വാതകത്തെ സബേന്ധിച്ച് ഇപ്പോള്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ച ലുധിയാന പൊലീസ് കമ്മീഷണര്‍ മന്‍ദീപ് സിംഗ് സിദ്ദു പറഞ്ഞു, ടെറസിലോ മേല്‍ക്കൂരയിലോ ആരെങ്കിലും അബോധാവസ്ഥയില്‍ കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ചു, പക്ഷേ ഇതുവരെ ആരെയും കണ്ടെത്തിയില്ല. അബോധാവസ്ഥയിലായ എല്ലാവരെയും പ്രദേശത്ത് നിന്ന് മാറ്റി കമ്മീഷണര്‍ പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി പ്രദേശം മുഴുവന്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലുധിയാനയില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. വാതകം ശ്വസിച്ച് ഫാക്ടറിക്ക് അടുത്തുള്ള വീടുകളിലെ നിരവധി താമസക്കാരും തലകറങ്ങി വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
2015 ജൂണില്‍ സമാനമായ സംഭവത്തില്‍ ലുധിയാന ജില്ലയിലെ ദോറാഹദ് പട്ടണത്തില്‍ ടാങ്കറില്‍ നിന്ന് അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിക്കുകയും 100 പേര്‍ രോഗബാധിതരാകുകയും ചെയ്തിരുന്നു.