ലുധിയാന: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്കേറ്റു.
രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്ഫോടനമുണ്ടായതെന്ന് കോടതിയിലുണ്ടായിരുന്ന ഒരു അഭിഭാഷകൻ പറഞ്ഞു. കേസ് നടപടികൾ നടക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉറവിടം വ്യക്തമല്ലെന്ന് ലുധിയാന പൊലീസ് കമ്മിഷണർ ഗുർപ്രീത് സിങ് ഭുല്ലാർ പറഞ്ഞു.
കോടതി സമുച്ചയം പൊലീസ് ഒഴിപ്പിച്ചു. ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി കോടതിക്കു തൊട്ടടുത്തുള്ള ലുധിയാന ജില്ലാ അഡ്മിനിസ്ട്രേറ്റീവ് സമുച്ചയവും സർക്കാർ ഓഫീസുകളും ഒഴിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള രാജ്യദ്രോഹികളുടെ ശ്രമമാണിതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.