scorecardresearch

ജീവനക്കാരിൽ 80 ശതമാനവും ഹിന്ദുക്കൾ, യാതൊരു വിവേചനങ്ങളുമില്ലെന്ന് ലക്‌നൗ ലുലുമാൾ

മാളിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയായാണ് മാൾ അധികൃതർ പ്രസ്‌താവന ഇറക്കിയത്

Lulumall Lucknow
Photo: Lulumall Lucknow website

ലക്‌നൗ: വിവാദങ്ങൾക്കിടെ തങ്ങളുടെ ജീവനക്കാരിൽ 80 ശതമാനവും ഹിന്ദുക്കളാണെന്ന് ലക്‌നൗ ലുലുമാൾ അധികൃതർ. മാളിനുള്ളിൽ ചിലർ നമസ്‍കാരം നടന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാളിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയായാണ് മാൾ അധികൃതർ പ്രസ്‌താവന ഇറക്കിയത്.

ചിലരുടെ സ്വാർത്ഥതാല്പര്യങ്ങൾക്കായി തങ്ങളെ ലക്ഷ്യം വാക്കുകയാണെന്നും തങ്ങളുടെ ജീവനക്കാരിൽ 80 ശതമാനവും ഹിന്ദുക്കളും ബാക്കി ഇരുപത് ശതമാനം ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണെന്ന് പ്രസ്‌താവനയിൽ പറഞ്ഞു.

“ചിലർ തങ്ങളുടെ സ്വാർത്ഥതാൽപ്പര്യങ്ങൾക്കായി ഞങ്ങളുടെ സ്ഥാപനത്തെ ലക്ഷ്യമിടാൻ ശ്രമിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. ഞങ്ങളുടെ ജീവനക്കാരിൽ പ്രദേശവാസികളും യുപിയിൽ നിന്നും രാജ്യത്തുടനീളമുള്ള ആളുകളും ഉണ്ട്. ഇവരിൽ 80 ശതമാനത്തിലധികം ഹിന്ദുക്കളും ബാക്കിയുള്ളവർ മുസ്ലീങ്ങളും ക്രിസ്ത്യാനികളും മറ്റുള്ളവരുമാണ്. ഞങ്ങളുടെ സ്ഥാപനത്തിൽ ആരെയും മതപരമായ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല. പൊതുസ്ഥലത്ത് പ്രാർത്ഥനയും നമസ്‌കാരവും നടത്താൻ ശ്രമിച്ചവർക്കെതിരെ മാൾ അഡ്മിനിസ്ട്രേഷൻ കേസ് നൽകിയിട്ടുണ്ട്. ലുലു മാൾ യാതൊരു വിവേചനങ്ങളുമില്ലാതെ ബിസിനസ് നടത്തുന്ന സ്ഥാപനമാണ്” ലുലു ഇന്ത്യ ഷോപ്പിംഗ് മാൾ പ്രൈവറ്റ് ലിമിറ്റഡിന്റെ റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധർ ഹിന്ദിയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“ഉപഭോക്താവാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. ഞങ്ങളുടെ സ്ഥാപനം സർക്കാർ നിയമങ്ങൾ അനുശാസിക്കുന്ന പരിധിക്കുള്ളിൽ നിന്നാണ് ബിസിനസ്സ് ചെയ്യുന്നത്. ഞങ്ങളുടെ ജീവനക്കാർ ഇവിടെയുള്ളത് ജാതിയുടെയും മതത്തിന്റെയും പേരിലല്ല, മറിച്ച് ജോലിയുടെ കാര്യക്ഷമതയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ്,” ലുലു ഗ്രൂപ്പ് വ്യക്തമാക്കി. തങ്ങളെ ബിസിനസ്സ് ചെയ്യാൻ അനുവദിക്കണം എന്ന അഭ്യർത്ഥനയോടെയാണ് പ്രസ്‌താവന അവസാനിക്കുന്നത്.

ജൂലൈ 10നാണ് ലക്‌നൗവിലെ ലുലുമാൾ തുറന്നത്. യു പി​ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാൾ ഉദ്ഘാടനം ചെയ്തത്. ഇതിനുപിന്നാലെ ഇവിടെ സന്ദർശനത്തിലെത്തിയ ചിലർ മാളിനുള്ളിൽ നമസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുകയായിരുന്നു. ഹിന്ദു മഹാസഭ, ആർഎസ്എസ് തുടങ്ങിയ സംഘടനകൾ വീഡിയോ പ്രചരിപ്പിക്കുകയും മാൾ കേന്ദ്രീകരിച്ച് ലൗജിഹാദിന് ശ്രമം നടക്കുന്നുണ്ടെന്നും ജീവനക്കാരിൽ 70ശതമാനവും മുസ്‌ലിംങ്ങളാണെന്നും പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ മാളിനുള്ളില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതിന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മാളില്‍ ഒരുതരത്തിലുള്ള പ്രാര്‍ഥനാ ചടങ്ങുകളും അനുവദിക്കില്ലെന്ന ബോർഡ് അധികൃതർ സ്ഥാപിച്ചു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും എന്നാല്‍ മാളിനകത്ത് മതാചാരങ്ങള്‍ അനുവദിക്കില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

അതേസമയം, മാളിനുള്ളിൽ നമസ്‍കാരം നടത്തിയവരെ കണ്ടെത്താൻ യുപി പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Lucknow lulumall statement says over 80 per cent of its staff are hindu

Best of Express