ലക്നൗ: ലക്നൗവിലെ താകൂര്‍ഗഞ്ച് പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരനനെന്ന് സംശയിക്കുന്നയാള്‍ വെടിയുതിര്‍ത്തു. ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം നടത്തിയെന്ന് സംശയിക്കപ്പെടുന്ന ഭീകരനാണ് വെടി വെച്ചതെന്നാണ് ഉത്തർപ്രദേശ് ഭീകരവാദവിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയ്ക്കിടയിലാണ് ആക്രമണം നടന്നത്. നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് ഒളിച്ചു കഴിയുകയായിരുന്ന ഭീകരൻ എ.ടി.എസിന് നേരെ വെടിയുതിർക്കുകയായിരുന്നു.

സെയ്ഫുള്ള എന്ന ഭീകരനാണിതെന്നാണ് വിവരം. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഭീകരന്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർവാതകം പ്രയോഗിച്ചു. അതേസമയം അക്രമി ഒറ്റയ്ക്കാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ച ശേഷം അവിടെ സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിരിക്കുകയാണ്. അടുത്ത നടപടിയിലേക്ക് കടക്കുന്നതിന് മുന്പ് ഭീകരന്റെ പക്കലുള്ള ആയുധങ്ങളെ കുറിച്ച് വ്യക്തതയുണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്.

ജാബ്ദി-കലാപിപാൽ സ്റ്റേഷനുകൾക്കിടയിൽ വച്ചു ഇന്നു രാവിലെ 9.50 ഓടെയായിരുന്നു ട്രെയിനില്‍ സ്ഫോടനം നടന്നത്. ജനറൽ കോച്ചിലാണ് സ്ഫോടനമുണ്ടായത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ഭീകര വിരുദ്ധ സ്ക്വാഡും ഇന്റലിജൻസ് ഓഫിസർമാരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നിരോധിത തീവ്രവാദ സംഘടനയായ സിമി പ്രവർത്തകരുടെ സ്വാധീനമുള്ള മേഖലയിലാണ് സ്ഫോടനം നടന്നത്. അതിനാൽത്തന്നെ സ്ഫോടനത്തിനു പിന്നിൽ സിമി പ്രവർത്തകർക്കും പങ്കുണ്ടോയെന്നും സംശയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ