/indian-express-malayalam/media/media_files/uploads/2019/12/army-chief.jpg)
ന്യൂഡൽഹി: ഇന്ത്യൻ കരസേനാ മേധാവി സ്ഥാനത്തുനിന്ന് ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും. മൂന്നു വർഷത്തെ സേവനത്തിനു ശേഷമാണ് ബിപിൻ റാവത്ത് കരസേനാ മേധാവി സ്ഥാനം ഒഴിയുന്നത്. 2016 ഡിസംബർ 31നായിരുന്നു കരസേന മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റത്. ലെഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേനാ മേധാവിയാകും.
നിലവിൽ കരസേനാ ഉപമേധാവിയായ നരവാനെ രാജ്യത്തിന്റെ 28-ാമത് കരസേനാ മേധാവിയായിട്ടാണ് മനോജ് മുകുന്ദ് നരവാനെ ചുമതലയേൽക്കുന്നത്. 37 വർഷത്തെ തന്റെ സേവനത്തിൽ സേനയുടെ പല നിർണായക മേഖലകളിലും ഘട്ടങ്ങളിലും പ്രവർത്തിച്ചയാളാണ് നരവാനെ. സേനാ മെഡലും വിശിഷ്ട സേവാ മെഡലും, അതിവിശിഷ്ട സേവാ മെഡലും പരം വിശിഷ്ട സേവാ മെഡലും നൽകി സേന ആദരിച്ച വ്യക്തി കൂടിയാണ് നരവാനെ.
ശ്രീലങ്കയിലെ ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്സിന്റെ ഭാഗമായിരുന്ന അദ്ദേഹം ജമ്മു കശ്മീരിലും വടക്കു കിഴക്കൻ പ്രദേശങ്ങളിലും സേനയുടെ ഭാഗമായിരുന്നു.
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഡിഫന്‍സ് സ്റ്റാഫ്) ബിപിന്‍ റാവത്തിനെ നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിപിന്‍ റാവത്തിനെ സംയുക്ത സേനയുടെ മേധാവിയായി തീരുമാനിച്ചത്.
സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്റ് അഡ്വൈസറായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. ഒപ്പം ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യും. അതേസമയം, കര, വ്യോമ, നാവിക സേനകൾക്കു മേലുള്ള കമാൻഡിങ് പവർ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് ഉണ്ടാകില്ല. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് സേനകളുടെ സംയുക്ത മേധാവിയെന്ന പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.