ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് ഏഴു രൂപയാണ് വർധിപ്പിച്ചത്. ഓരോ മാസവും വില വർധിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെത്തുടർന്നാണ് നടപടി.

2018 മാര്‍ച്ചോടെ സബ്‌സിഡി ഇല്ലാതാക്കുമെന്നും അതിനായി ഓരോ മാസവും സിലിണ്ടറിന് നാല് രൂപ വര്‍ധിപ്പിക്കുമെന്നും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ജൂലൈ 31 ന്  ലോക്‌സഭയെ അറിയിച്ചിരുന്നു.
സിലിണ്ടറിന് 2രൂപ 31 പൈസയാണ് ഓഗസ്റ്റ് ഒന്നിന് ഓയിൽ കമ്പനികൾ വർദ്ധിപ്പിച്ചിരുന്നത്. അന്ന് നാല് രൂപ വർദ്ധിപ്പിക്കാതിരുന്ന സാഹചര്യത്തിലാണ് ഇത്തവണ ഏഴ് രൂപ വർദ്ധിപ്പിച്ചതെന്ന് ഓയിൽ കമ്പനി വൃത്തങ്ങൾ അനൗദ്യോഗികമായി സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം ജൂലൈ മുതൽ എല്ലാമാസവും രണ്ട് രൂപ വീതം വർദ്ധിപ്പിക്കാനുളള നയപരമായ തീരുമാനം എടുത്തിരുന്നു. അങ്ങനെ സബ്‌സിഡിയുളള ഗ്യാസ് സിലിണ്ടറിന്രെ വില 68 രൂപ വരെ ഉയർന്നിരുന്നു.

എല്ലാ വീടുകൾക്കും പന്ത്രണ്ട് സിലിണ്ടറുകൾക്ക് മാത്രമായി സബ്‌സിഡി നേരത്തെ ചുരുക്കിയിരുന്നു. ഇതിന് പുറമെ സിലിണ്ടർ ആവശ്യമുണ്ടെങ്കിൽ സബ്‌സിഡിയില്ലാതെ മാത്രമേ പാചകവാതകം ലഭിക്കുകയുളളൂ. സബ്‌സിഡിയില്ലാത്ത സിലിണ്ടറിനും 73 രൂപ വർധിപ്പിച്ചിരുന്നു.

18.11 കോടി ഉപയോക്താക്കളാണ് ഇന്ത്യയിൽ സബ്‌സിഡി ഗ്യാസ് സിലിണ്ടർ ലഭിക്കുന്നവർ. ഇതിൽ കഴിഞ്ഞ ഒരു വർഷത്തിനുളളിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി സൗജന്യ കണക്ഷൻ ലഭിച്ച ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള 2.6 കോടി സ്ത്രീകളുമുണ്ട്. 2.66 കോടി ഉപയോക്താക്കൾ സബ്‌സിഡിയില്ലാത്ത പാചകവാതകമാണ് ഉപയോഗിക്കുന്നത്.

പാചകവാതകത്തിന് പുറമെ പൊതുവിതരണ സന്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വിലയും ലിറ്ററിന് 25 പൈസ വീതം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എല്ലാ രണ്ടാഴ്ചയും മണ്ണെണ്ണയുടെയും വില വർദ്ധിപ്പിച്ചുകൊണ്ട് മണ്ണെണ്ണയ്ക്കുളള സബ്‌സിഡിയും എടുത്തുകളയാനാണ് സർക്കാർ തീരുമാനിച്ചിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ