ന്യൂഡൽഹി: എൽപിജി സിലിണ്ടറുകൾ വീട്ടിലെത്തുമ്പോൾ ഇനിമുതൽ ഒടിപി നമ്പർ നൽകണം. നവംബർ ഒന്ന് മുതലാണ് ഇത് നടപ്പാക്കുക. എണ്ണക്കമ്പനികളുടെ തീരുമാനമനുസരിച്ചാണിത്.

നവംബർ ഒന്ന് മുതൽ ഗ്യാസ് സിലിണ്ടർ വീട്ടുപടിക്കലെത്തുമ്പോൾ വൺ-ടൈം പാസ്‌വേർഡ് (ഒടിപി) നിർബന്ധമായും കാണിക്കണം. ഓർഡർ ചെയ്ത ഉപഭോക്‌താവിനു തന്നെയാണോ സിലിണ്ടർ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുക, സിലിണ്ടർ ദുരുപയോഗം തടയുക എന്നിവ മുന്നിൽകണ്ടാണ് പുതിയ തീരുമാനം.

ഫോണിലൂടെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയത്ത് ഒടിപി ലഭിക്കും. ഇത് സൂക്ഷിച്ചുവയ്‌ക്കണം. പിന്നീട് സിലിണ്ടർ വീട്ടിലെത്തുമ്പോൾ ഗ്യാസ് കമ്പനി ഏജന്റിനെ ഈ ഒടിപി കാണിച്ചുകൊടുക്കണം. എന്നാൽ, മാത്രമേ സിലിണ്ടർ ലഭിക്കൂ.

Read Also: ഇതാണ് ക്രിക്കറ്റിന്റെ ബ്യൂട്ടി; കാണാതെ പോകരുത് ഈ രംഗങ്ങൾ, വീഡിയോ

ഗ്യാസ് ഏജൻസിയില്‍ കൊടുത്ത നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ അത് അടിയന്തരമായി പുതുക്കി നല്‍കണം. ഏജൻസിയിൽ നൽകിയ നമ്പറിൽ മാത്രമേ ബുക്ക് ചെയ്യാനും ഒടിപി ലഭ്യമാക്കാനും സാധിക്കൂ. വാണിജ്യ സിലിണ്ടറുകൾക്ക് ഇത് ബാധകമല്ല.

രാജ്യത്ത് നൂറ് നഗരങ്ങളിലാണ് ഇത് ആദ്യം നടപ്പിലാക്കുക. അതിനുശേഷം മറ്റ് നഗരങ്ങളിലും നടപ്പിലാക്കും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ആദ്യം നടപ്പിലാക്കും.

ബുക്ക് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞായിരിക്കും സിലിണ്ടർ വീട്ടിലെത്തുക. അതുകൊണ്ട് തന്നെ ബുക്ക് ചെയ്ത സമയത്തെ ഒടിപി നമ്പർ ഫോണിൽ നിന്നു തിരഞ്ഞുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ലഭിക്കുന്ന ഒടിപി എവിടെയെങ്കിലും കുറിച്ചുവയ്‌ക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook