ഒരു വശത്ത് ജമ്മു മേഖലയിലേക്കുള്ള ബിജെപിയുടെ കടന്നു വരവില്‍ വലയുന്നു, മറുവശത്ത് കശ്മീരിലെ പ്രതീക്ഷകള്‍, പ്രതിരോധവും മുന്നേറ്റവും ലക്ഷ്യം വയ്ക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്.
കേന്ദ്രഭരണ പ്രദേശത്തെ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവായ ആസാദിന് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ, പ്രത്യേകിച്ച് ജമ്മു മേഖലയിൽ വലിയ സ്വീകാര്യതയുണ്ട്. ജമ്മുവിൽ നിന്നുള്ള സംസ്ഥാനത്തിന്റെ ഏക മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം.
ആസാദ് ബിജെപിയില്‍ ചേരില്ലെന്ന് പ്രതീക്ഷയാണ് അദ്ദേഹത്തിനെ അനുകൂലിക്കുന്ന ഒരു വലിയ വിഭാഗത്തിനുളളത്. ജമ്മുവില്‍ ഒരു ബദല്‍ ജനം ആഗ്രഹിക്കുന്നതിനാല്‍ അതിനായി ആസാദ് നിലനില്‍ക്കുമെന്നുമാണ് നേതാക്കളുടേയും പ്രതീക്ഷ.
ആസാദ് രാജിവച്ച് മണിക്കൂറുകൾക്കകം, കോൺഗ്രസിലെ മുൻ മന്ത്രിമാരായ ജി എം സറൂരി, ആർ എസ് ചിബ് എന്നിവരും നാല് മുൻ എം എൽ എമാരും/എംഎൽസിമാരും (ഹാജി അബ്ദുൾ റഷീദ്, മുഹമ്മദ് അമീൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം) എന്നിവരും പാർട്ടി വിട്ടു. “ഞങ്ങളും ആസാദിനൊപ്പം പോകും, കാരണം ജമ്മു കശ്മീർ കശ്മീരിനെ ‘ഇപ്പോഴത്തെ മോശം അവസ്ഥയിൽ നിന്ന്’ പുറത്തു കൊണ്ടുവരാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ. വരും ദിവസങ്ങളിൽ മറ്റ് നേതാക്കളും ഇത് പിന്തുടരുമെന്നാണ് കരുതുന്നത്,” മുൻ മന്ത്രി ജുഗൽ ശർമ്മയും മുൻ എം.എൽ.സി നരേഷ് ഗുപ്തയും പറഞ്ഞു.
നിരവധി ആളുകൾ ഒപ്പം പോകുമെന്നതിനാൽ, ആസാദിന്റെ രാജി ജമ്മു കശ്മീരിലെ കോൺഗ്രസിനെ തീർച്ചയായും ബാധിക്കുമെന്ന് പുതുതായി നിയമിതനായ ജമ്മു കശ്മീര്‍ പിസിസി പ്രസിഡന്റ് വികാർ റസൂൽ വാനി പറഞ്ഞു. “ജമ്മു കശ്മീരിലെ ഏറ്റവും മുതിർന്ന പാർട്ടി നേതാവെന്ന നിലയിൽ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ പിന്തുണ ആവശ്യമാണ്,” മുൻ മന്ത്രിയും ബനിഹാലിൽ നിന്ന് രണ്ട് തവണ എംഎൽഎയുമായ വാനി കൂട്ടിച്ചേര്‍ത്തു.
137 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയെ തിരച്ചുകൊണ്ടുവരാന്‍ അദ്ദേഹം ദൃഢനിശ്ചയം എടുത്തിരുന്നതായും വാനി പറഞ്ഞു. “ഞാന്‍ മൂന്നാം തലമുറയില്‍പ്പെട്ട കോൺഗ്രസുകാരനാണ്, ജമ്മു കശ്മീരിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ പരമാവധി ശ്രമിക്കും, പുതിയ ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ, കോൺഗ്രസിലേക്ക് എത്തിക്കാന്‍ ഞങ്ങൾ ശ്രമിക്കും,” വാനി പ്രതീക്ഷ പങ്കുവച്ചു.
കാശ്മീരിൽ നിന്ന് വ്യത്യസ്തമായി, മതത്തിന്റെ കാര്യത്തിൽ കൂടുതൽ ഏകീകൃതവും തിരഞ്ഞെടുക്കാൻ നിരവധി പാർട്ടികളുമുള്ള ജമ്മുവിന് മേഖലയുടെ പ്രശ്‌നങ്ങളുടെയും ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു നേതാവിനെ സ്വീകരിക്കാന്‍ കഴിയുമെന്ന് ആസാദിന്റെ അനുയായികൾ പറയുന്നു. ഹിന്ദുക്കളെ കൂടാതെ ജമ്മുവിൽ ഗണ്യമായ മുസ്ലീം ജനവിഭാഗവുമുണ്ട്, പ്രത്യേകിച്ച് ഗുജ്ജർ, ബക്കർവാൾ വിഭാഗങ്ങള്‍.
ആസാദിന്റെ നീക്കങ്ങള്‍ക്കായി മറ്റ് നേതാക്കന്മാര്‍ കാത്തിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. ആസാദ് മോദിയ്ക്കൊപ്പം ചേരുന്നു എന്ന കേന്ദ്ര നേതൃത്വത്തിന്റെ അവകാശവാദങ്ങളെ തള്ളുകയും ചെയ്തു. അദ്ദേഹം ബിജെപിയിൽ ചേരുന്ന പ്രശ്നമില്ലെന്നും അവർ പറയുന്നു. ആസാദിന്റെ നേതൃത്വത്തിൽ ബദല്‍ പാര്‍ട്ടിയുണ്ടാകുമെന്നും നേതാക്കന്മാരില്‍ ഒരാള്‍ വ്യക്തമാക്കി.