ന്യൂഡൽഹി: ഭിന്നശേഷിക്കാരായവർക്ക് സൗഹാർദ്ദ സേവനങ്ങൾ ഒരുക്കാൻ ലക്ഷ്യമിട്ട് റെയിൽവേ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. സ്ലീപ്പർ കോച്ചിന് സമാനമായി മൂന്നാം ക്ലാസ് എസി കോച്ചിൽ സീറ്റ് സംവരണത്തിനും, ബുദ്ധിമുട്ടില്ലാത്ത സഞ്ചാരത്തിനായി റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക വഴിയൊരുക്കാനുമാണ് റയിൽവേ തീരുമാനിച്ചിരിക്കുന്നത്.

മെയിൽ, എക്സ്‌പ്രസ് തീവണ്ടികളിലാണ് ഈ സൗകര്യം ആദ്യഘട്ടത്തിൽ ലഭിക്കുക. ഇപ്പോൾ സ്ലീപ്പർ ക്ലാസിലാണ് താഴത്തെ ബർത്ത് സംവരണം ചെയ്തിരിക്കുന്നത്.”മൂന്നാം ക്ലാസ് എസി കോച്ചിൽ ഒരു സീറ്റാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിനായി സോഫ്റ്റുവെയറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്”, റെയിൽവേ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വീൽചെയറിൽ എത്തിയ അത്ലറ്റ് സുബർണ രാജിന് ലോവർ ബർത്ത് ലഭിക്കാതിരുന്ന സാഹചര്യം വിവാദമായതോടെയാണ് റെയിൽവേ പുതിയ തീരുമാനം കൈക്കൊണ്ടത്. നാഗ്പൂർ നിസാമുദ്ദീൻ ഗരീബ് രഥ് എക്സ്‌പ്രസ് തീവണ്ടിയിലാണ് സുബർണ രാജ് എന്ന കായികതാരത്തിന് മുകളിലെ ബർത്ത് അനുവദിച്ചത്.

താഴത്തെ ബർത്ത് ലഭിക്കാതെ വന്നതോടെ താരത്തിന് കോച്ചിലെ തറയിൽ കിടന്ന് യാത്ര ചെയ്യേണ്ടി വന്നു. സംഭവം വിവാദമായതോടെ ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട റെയിൽവേ മന്ത്രി സുരേഷ് പ്രഭു, ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞു.

ഈ ആഴ്ച തന്നെ “ദിവ്യാംഗ്” റിസർവേഷന്റെ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇന്ത്യൻ റെയിൽവേ അധികൃതർ വ്യക്തമാക്കി. റയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കുമ്പോൾ ഭിന്നശേഷിക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി പ്രത്യേക വഴിയും ഇന്ത്യൻ റെയിൽവേയുടെ ബോർഡ് യോഗം അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഈ തീരുമാനവും വേഗത്തിൽ യാഥാർത്ഥ്യമാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook