ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ നാളെ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് പുതിയ ന്യൂനമർദത്തിനു കാരണമാകും. തിങ്കളാഴ്‌ചയോടെ ഒഡിഷയുടെ കിഴക്കായി ഇത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത.

നേരത്തെ ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ രൂപംപ്രാപിച്ച ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ആണ് ഇപ്പോൾ കേരളത്തിലടക്കം അതിതീവ്ര മഴ ലഭിക്കുന്നത്. ഈ ന്യൂനമർദം ദുർബലമാകാൻ തുടങ്ങിയിട്ടുണ്ട്. ഇതിനു പിന്നാലെ രണ്ടാം ന്യൂനമർദത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്‌ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദം ആന്ധ്രതീരത്തേക്ക് നീങ്ങി ഇത് ദുര്‍ബലമാകാനാണ് സാധ്യത.

Read Also: രാജമലയിൽ മരണസംഖ്യ ഉയരുന്നു; മീനച്ചിലാറ്റിൽ കുതിച്ചുയർന്ന് ജലനിരപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ

അന്തരീക്ഷ ഘടകങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഉണ്ടായതുപോലെ പ്രളയസാധ്യത കേരളത്തില്‍ നിലനില്‍ക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്‌ചയോടെ കേരളത്തില്‍ മഴ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അറബിക്കടലിൽ മേഘങ്ങൾ സജീവമാകുന്നു, സാറ്റലെെറ്റ് ചിത്രം (ഓഗസ്റ്റ് 7, അഞ്ച് മണി)

അതേസമയം, ഇനിയുള്ള മൂന്ന് ദിവസങ്ങളിലെ മഴ സംസ്ഥാനത്ത് കൂടുതൽ നാശം വിതച്ചേക്കാം. നിലവിൽ കേരളത്തിൽ അപകടം വിതച്ചു കൊണ്ടിരിക്കുന്ന അതിതീവ്ര മഴ ഓഗസ്റ്റ് ഒൻപത് വരെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതീവ ജാഗ്രത തുടരേണ്ടതാണ്.

വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് എട്ട് (നാളെ) ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

Kerala Floods Live Updates: കരകവിഞ്ഞൊഴുകി മീനച്ചിലാർ, സംസ്ഥാനത്തെ വിവിധ നദികളിൽ വെള്ളപ്പൊക്കം

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് എട്ട് (നാളെ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ: പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

2020 മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ 1 മുതൽ ഓഗസ്റ്റ് 7 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 1329.4 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 10% കുറവാണ്. ജൂലൈ 30 മുതൽ ഓഗസ്റ്റ് അഞ്ച് വരെയുള്ള ആഴ്‌ചയിൽ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയെക്കാൾ 101% അധിക മഴയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook