കൊച്ചി: കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിനായി അൾട്രാ വയലറ്റ് കിരണങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന അണു നശീകരണ സംവിധാനവുമായി ദക്ഷിണ നാവിക കമാൻഡ്. മുംബൈ ഐഐടി മുന്നോട്ടുവച്ച ഒരാശയത്തെക്കുറിച്ച് മാർച്ച് 31 ന് ഫിനാൻഷ്യൽ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അണു നശീകരണ യൂണിറ്റ് നിർമ്മിച്ചതെന്ന് നാവിക കമാൻഡ് അറിയിച്ചു.

മൊബൈൽ ഫോണുകളും കറൻസി നോട്ടുകളും മറ്റ് നിത്യോപയോഗ വസ്തുക്കളും അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനമാണ് ഐഐടി വിദ്യാർഥികൾ അവതരിപ്പിച്ചിരുന്നത്. ഇതിനെ അടിസ്ഥാനമാക്കി 5000 രൂപ ചിലവിലാണ് ദക്ഷിണ നാവിക കമാൻഡ് അൾട്രാ വയലറ്റ് അണു നശീകരണ ഉപകരണം നിർമ്മിച്ചിരിക്കുന്നത്.

Also Read: പനിക്കും ചുമയ്ക്കും മരുന്നു വാങ്ങുന്നവരുടെ രേഖകൾ സൂക്ഷിക്കാൻ ഫാർമസികളോട് സർക്കാർ

ഉപകരണത്തിനകത്ത് എതിർ വശങ്ങളിലായി രണ്ട് അൾട്രാ വയലറ്റ് ലൈറ്റുകളും അകം പ്രതലത്തിൽ അലൂമിനിയം ഫോയിലുകളുമാണുള്ളത്. അലൂമിനിയം ഫോയിലിന്റെ സഹായത്താൽ ഉപകരണത്തിനകത്ത് എല്ലായിടത്തും ഒരുപോലെ അൾട്രാ വയലറ്റ് വികിരണം വ്യാപിപ്പിക്കാൻ സാധിക്കും. നാവിക കമാൻഡിലെ മെഡിക്കൽ സംഘം ഉപകരണത്തിന്റെ പ്രവർത്തന ശേഷി പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നാവിക കമാൻഡിന്റെ ഭാഗമായി കൊച്ചിയിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡാണ് ഉപകരണം നിർമിച്ചത്. കറൻസി നോട്ട്, കാർഡുകൾ, വാലറ്റ്, പുസ്തകങ്ങൾ, പേന, മൊബൈൽ ഫോൺ, താക്കോലുകൾ എന്നിവയ്ക്ക് പുറമെ സർജിക്കൽ ഉപകരണങ്ങളും അണുവിമുക്തമാക്കാൻ പോർട്ടബിളായ ഈ ഉപകരണത്തിലൂടെ സാധിക്കുമെന്ന് നേവൽ ബേസ് അധികൃതർ അറിയിച്ചു. ദ്രാവകരൂപത്തിലുള്ള അണുനാശിനികൾ ഉപയോഗിക്കാനാവാത്ത വസ്തുക്കളിൽ ഈ ഉപകരണം ഫലപ്രദമാവുമെനന്നും അവർ പറഞ്ഞു.

കൊറോണ വൈറസ് മൊബൈൽ ഫോൺ അടക്കമുള്ള നിത്യോപയോഗ വസ്തുക്കളിലൂടെ പടരുന്നത് തടയാൻ നാവിക കമാൻഡിന്റെ ഉപകരണം സഹായകമാവും. പേപ്പറുകൾ, ഫയലുകൾ, മറ്റു രേഖകൾ എന്നിവ അണുവിമുക്തമാക്കാനും ഇത് ഉപയോഗിക്കാം. ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന തരത്തിലാണ് അണുനശീകരണ ഉപകരണത്തിന്റെ നിർമ്മാണം.

യുഎസ് നാഷനൽ ലൈബ്രറിയുടെ ‘പമ്പ്ഡ്’ എന്ന ജേർണലിൽ വന്ന ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ ഐഐടിയിൽ ഉപകരണത്തിന്റെ ആദ്യ രൂപം നിർമ്മിച്ചത്. അൾട്രാ വയലറ്റ് സി രശ്മികൾക്ക് സാർസ് കോവ് വൈറസുകളെ നിഷ്‌ക്രിയരാക്കാൻ കഴിയുമെന്നായിരുന്നു പമ്പ്ഡ് ജേർണലിൽ വന്ന പഠനം.

Also Read: ലോക്ക്ഡൗണിൽ ഇ-കൊമേഴ്സ് കമ്പനികളുടെ ഇളവിൽ മാറ്റംവരുത്തി കേന്ദ്രം

നിപ്പ അടക്കമുള്ള മറ്റു വൈറസുകളുടെ വ്യാപനത്തിനെതിരെയും അൾട്രാ വയലറ്റ് ഉപകരണം ഉപയോഗിക്കാമെന്ന് മുംബൈ ഐഐടി അറിയിച്ചു. ഐഐടിയിലെ ഇൻഡസ്ട്രിയൽ ഡിസൈൻ സെന്ററായിരുന്നു ഉപകരണം നിർമ്മിച്ചത്.

സ്റ്റെയിൻലസ് സ്റ്റീലും അലൂമിനിയം വലകളുമുപയോഗിച്ചാണ് ഐഐടിയുടെ അണുനശീകരണ ഉപകരണം നിർമ്മിച്ചിരുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുനരുപയോഗിക്കാൻ കഴിയുന്ന മാസ്കുകളും മുംബൈ ഐഐടി നിർമ്മിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook