ന്യൂഡൽഹി: ലോകത്തെ ഇന്ന് വേട്ടയാടുന്ന ഏറ്റവും വലിയ വിപത്താണ് ഭീകരവാദം. എല്ലാ ദിവസത്തേയും പത്രവാര്‍ത്തകളില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടെങ്കിലും ഇല്ലാത്തത് വളരെ അപൂര്‍വമാണ്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഭീകരവാദം ഇല്ലാതാക്കിയതിനേക്കാള്‍, ജനങ്ങളെ പ്രണയം ജീവനെടുത്തതായാണ് പഠനങ്ങള്‍ പറയുന്നത്.

ഇന്ത്യയിൽ ഭീകരാക്രമണത്തേക്കാൾ ഭീകരമാണ് പ്രണയം എന്നും ആറ് ഇരട്ടിയാണ് പ്രണയം മൂലമുള്ള മരണമെന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2001-2015 കാലയളവില്‍ 38,585 കൊലപാതകങ്ങളുടെ കാരണം പ്രണയമാണ്. 79,189 ആത്മഹത്യകള്‍ക്കും പിറകില്‍ പ്രണയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേ കാലയളവിൽ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞത് 20,000 പേർ മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രണയത്തിന്‍റെ പേരിൽ 2.6 ലക്ഷം ആളുകളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും പശ്ചിമ ബംഗാളിൽ 15,000 ആത്മഹത്യാ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രണയത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് ആന്ധ്രാപ്രദേശിലാണ്. യുപി, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പിന്നാലെയുള്ളത്. പ്രണയത്തിലെ വഞ്ചനയാണ് മിക്കപ്പോഴും കൊലപാതകത്തില്‍ കലാശിക്കുന്നത്.
പ്രേമനൈരാശ്യം കാരണം ആത്മഹത്യ ചെയ്യുന്നതും കണക്കുകളിലുണ്ട്.

ജാതിയുടേയും മതത്തിന്റേയും പേരില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും കുറവല്ല. പലപ്പോഴും ഇത് കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ നയിക്കുന്നതാും റിപ്പോര്‍ട്ടില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook