ഭോപ്പാൽ: ‘ലവ് ജിഹാദ്’ ബിൽ ഉടൻ സംസ്ഥാന നിയമസഭയിൽ കൊണ്ടുവരുമെന്നും നിയമലംഘകർക്ക് അഞ്ചുവർഷം കഠിനതടവ് ലഭിക്കുമെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. നിയമലംഘകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുകയെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

ജിഹാദിനെതിരെ’ പുതിയ നിയമനിർമ്മാണം നടത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരത്തേ സൂചന നൽകിയിരുന്നു. വ്യത്യസ്ത മതത്തിലുള്ളവർ വിവാഹം കഴിക്കുന്നതിനെതിരെ തീവ്രവലതുപക്ഷ സംഘടനകൾ നൽകിയ പേരാണ് ലവ് ജിഹാദ്. ഒരാൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്നുണ്ട്.

“പ്രണയത്തിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന ജിഹാദിനെ എന്തു വിലകൊടുത്തും തടയും. ലവ് ജിഹാദിനെതിരെ ആവശ്യമായ നിയമ വ്യവസ്ഥകൾ ഏർപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെയും ഉത്തർപ്രദേശിലെയും ബിജെപി സർക്കാരുകളും ‘ലവ് ജിഹാദിന്’ എതിരായ നിയമ വ്യവസ്ഥകൾ ആലോചിക്കുന്നുണ്ട്.

ഹരിയാനയിലെ ബല്ലബ്ഗഡിൽ 21 വയസുള്ള ഒരു വിദ്യാർത്ഥിയെ കോളേജിന് പുറത്ത് വെടിവച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് പ്രശ്നം വീണ്ടും ചർച്ചയിൽ വരുന്നത്. മകളെ മതപരിവർത്തനം നടത്തി വിവാഹം കഴിക്കാൻ പ്രതി സമ്മർദ്ദം ചെലുത്തിയിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

‘ലവ് ജിഹാദ്’ കേസുകളൊന്നും ഒരു കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം ഈ പദത്തിന് നിർവചനം നൽകിയിട്ടില്ലെന്നും ഈ വർഷം ആദ്യം സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പൊതു ക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി മതം അവകാശപ്പെടാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. കേരള ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതികൾ ഈ നിലപാട് ശരിവച്ചിട്ടുണ്ട്.

“ലവ് ജിഹാദ്” എന്ന പദം നിലവിലുള്ള നിയമപ്രകാരം നിർവചിക്കപ്പെട്ടിട്ടില്ല. ‘ലവ് ജിഹാദിന്റെ’ ഒരു കേസും ഏതെങ്കിലും കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ല,” അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കേരളത്തിൽ ഇത്തരത്തിലുള്ള രണ്ട് വിവാഹങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയതായും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook