ലക്‌നൗ: ഉത്തർപ്രദേശിൽ ‘ലൗ ജിഹാദ്’ നിയമത്തിന്റെ പരിധിയിൽ ആദ്യത്തെ കേസ് റജിസ്റ്റർ ചെയ്തു. ഇന്നലെയാണ് യുപിയിൽ ‘ലൗ ജിഹാദ്’ നിയമം പ്രാബല്യത്തിൽ വന്നത്.

മതപരിവർത്തനത്തിനെതിരായ നിയമപ്രകാരം ഉത്തർപ്രദേശിൽ ആദ്യ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് ബറേലി ജില്ലയിലാണ്. യുവതിയുടെ പിതാവാണ് പരാതി നൽകിയത്. യുപി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയിറക്കി.

ഷരിഫ് നഗർ ഗ്രാമത്തിലെ ടിക്കാറാം എന്ന മധ്യവയസ്‌കനാണ് ദേവർനിയാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഉവെെഷ് അഹമ്മദ് എന്ന മുസ്‌ലിം യുവാവിനെതിരെയാണ് പരാതി. പ്രണയം നടിച്ച് വശീകരിച്ച് തന്റെ മകളെ മതംമാറ്റാൻ പ്രേരിപ്പിച്ചു എന്നാണ് ഉവെെഷ് അഹമ്മദിനെതിരെ ടിക്കാറാം നൽകിയ പരാതിയിൽ പറയുന്നതെന്ന് യുപി ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read Also: വീടിനുള്ളിൽ നിന്ന് ദുർഗന്ധം, മുറിയിൽ മണ്ണിളകി കിടക്കുന്നു; വിതുര കൊലക്കേസിൽ പ്രതിക്കായി തെരച്ചിൽ

ലൗ ജിഹാദിനെ എതിർക്കുകയെന്ന നിലപാടോടെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ ഇന്നലെയാണ് ഒപ്പുവച്ചത്. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം ഇനി കുറ്റകരമാകും. നിർബന്ധ മതപരിവർത്തനം കുറ്റകരമാകും. ‘ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, ബലാൽക്കാരം, പ്രണയം അല്ലെങ്കിൽ വിവാഹം’ എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യുന്നത് ഈ നിയമം വിലക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്.

നിർബന്ധിത മതപരിവർത്തനത്തിന് ഒന്നു മുതൽ അഞ്ച് വർഷം വരെ ശിക്ഷയും 15,000 രൂപ വരെ പിഴയുമാണ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടിക ജാതി – പട്ടിക വർഗത്തിൽ ഉൾപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ്.

ലൗ ജിഹാദ് അവസാനിപ്പിച്ച് വഴി മാറി നടന്നില്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒന്നുകിൽ വഴി മാറി നടക്കുക, അല്ലെങ്കിൽ അവസാന യാത്രയ്ക്ക് തയ്യാറെടുക്കുക എന്നായിരുന്നു യോഗിയുടെ ഭീഷണി. വിവാഹത്തിനുവേണ്ടി മതപരിവർത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സമീപകാല വിധി ഉദ്ധരിച്ചാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ലൗ ജിഹാദിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും യോഗി മുന്നറിയിപ്പ് നൽകിയിരുന്നു.

യുപി കൂടാതെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഹരിയാന സർക്കാരുകളും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത് ആലോചനയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook