scorecardresearch

Latest News

മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി

മജിസ്‌ട്രേറ്റ് ഉത്തരവ് മുസ്‌ലിം പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള ഹർജിക്കാരന്റെ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ സച്ചിൻ കുമാർ ശർമ വാദിച്ചു

loudspeaker

ലക്‌നൗ: മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൗലികാവകാശങ്ങളാൽ സംരക്ഷിക്കപ്പെടുന്നതല്ലെന്ന് അലഹബാദ് ഹൈക്കോടതി. പള്ളിയിൽ ബാങ്ക് വിളിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യം നിരസിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഉത്തർപ്രദേശിലെ ബുദൗൺ ജില്ലക്കാരനായ ഇർഫാൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

“പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൗലിക അവകാശമല്ല, അതിന് ഉത്തരവിൽ ന്യായമായ കാരണം നൽകിയിട്ടുണ്ട്. അതനുസരിച്ച്, ഇപ്പോഴത്തെ ഹർജി തീർത്തും തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഞങ്ങൾ മനസിലാകുന്നു, അതിനാൽ അത് തതള്ളുന്നു”, ജസ്റ്റിസുമാരായ വിവേക് ​​കുമാർ ബിർളയും വികാസ് ബുധ്‌വാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

മജിസ്‌ട്രേറ്റ് ഉത്തരവ് മുസ്‌ലിം പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള ഹർജിക്കാരന്റെ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ സച്ചിൻ കുമാർ ശർമ വാദിച്ചു.

2020 മെയിൽ, ബാങ്ക് ഇസ്ലാമിൽ അനിവാര്യമായതും അവിഭാജ്യ ഘടകമാണെങ്കിലും, ഉച്ചഭാഷിണിയിലൂടെയോ മറ്റ് ശബ്ദ വർദ്ധന ഉപകരണങ്ങളിലൂടെയോ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്യുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ പ്രതിപാദിച്ചിരിക്കുന്ന മൗലികാവകാഷങ്ങളിൽ ഉൾപ്പെടുന്നത് ആണെന്ന് പറയാൻ ആവില്ലെന്നും അതേസമയം ഇത് പൊതു ക്രമം, ധാർമ്മികത, ആരോഗ്യം, തുടങ്ങി ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റ് വ്യവസ്ഥകൾ വിധേയമാകുന്നതാണെന്നും കോടതി പറഞ്ഞിരുന്നു.

കോവിഡ് നിയന്ത്രണങ്ങയുടെ ഭാഗമായി പള്ളികളിൽ ബാങ്ക് വിളിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിർത്താൻ നിർദ്ദേശിച്ച ഗാസിപൂർ, ഫറൂഖാബാദ്, ഹത്രാസ് ഭരണകൂടങ്ങളുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഗാസിപൂർ എംപി അഫ്‌സൽ അൻസാരി, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, അഭിഭാഷകൻ എസ് വസീം എ ഖാദ്രി എന്നിവർ സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ വിധി ഉണ്ടായത്.

ജസ്റ്റിസുമാരായ ശശികാന്ത് ഗുപ്ത, അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ഉപകരണങ്ങളുടെ സഹായമില്ലാതെ, പള്ളി മിനാരങ്ങളിൽ നിന്ന് ബാങ്ക് വിളിക്കാമെന്ന് പറഞ്ഞിരുന്നു. ഈ മാർഗനിർദേശങ്ങൾ ലംഘിക്കുന്നില്ലെങ്കിൽ തടസ്സം സൃഷ്ടിക്കരുതെന്നും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഉത്തർപ്രദേശ്‌ സർക്കാർ ഇതുവരെ ആരാധനാലയങ്ങളിൽ നിന്ന് 50,000 ലധികം ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും 60,000 ലധികം സ്പീക്കറുകളുടെ ശബ്ദം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

Also Read: ഒരിക്കൽ ഇന്ത്യൻ പൗരനെന്ന് പ്രഖ്യാപിച്ചാൽ അവരെ വിദേശിയായി പ്രഖ്യാപിക്കാൻ ഫോറിനേഴ്സ് ട്രിബ്യൂണലിന് കഴിയില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Loudspeaker mosques fundamental right allahabad high court