ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ടാങ്കർ ട്രക്ക് ഇടിച്ചുകയറി. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ തകർന്ന വാഹനത്തിന്റെ ചിത്രത്രങ്ങൾ ഖുശ്ബു ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

കടലൂരിൽ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടം ഉണ്ടായത്. അപകടം മനപ്പൂർവമെന്ന് സംശയിക്കുന്നതായി ഖുശ്ബു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

താൻ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരും. വേൽ മുരു​ഗൻ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള പാർട്ടിയുടെ ശ്രമമാണ് തമിഴ്‌നാട് ബിജെപിയുടെ വേൽ യാത്ര. എന്നിരുന്നാലും, സംസ്ഥാനത്തെമ്പാടുമുള്ള മുരുഗ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള ഈ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook