അംറോഹ (ഉത്തർ പ്രദേശ്): ഹനുമാന്റെ ജാതിയെ ചൊല്ലിയുളള വിവാദം ശക്തമാകുമ്പോൾ, ഹനുമാൻ കായികതാരമാണെന്ന് പറഞ്ഞത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം. ഹനുമാനെ ആരാധിക്കുന്ന നിരവധി കായികതാരങ്ങളുണ്ടെന്നും ഹനുമാന്റെ ജാതിയെ ചൊല്ലിയുളള വിവാദങ്ങളുടെ ആവശ്യമില്ലെന്നും ചേതൻ പ്രതാപ് സിങ് ചൗഹാൻ പറഞ്ഞു.

”ഹനുമാൻ കായികതാരമായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. തന്റെ ശത്രുക്കളെ മല്ലയുദ്ധത്തിലൂടെയാണ് ഹനുമാൻ തോൽപ്പിച്ചിരുന്നത്. ഹനുമാനെ പോലെ ശക്തി ലഭിക്കുന്നതിനും വിജയിക്കുന്നതിനും രാജ്യത്തെ കായികതാരങ്ങളെല്ലാം ഹനുമാനെ ആരാധിക്കുന്നുണ്ട്. ഹനുമാന്റെ ജാതി നോക്കിയിട്ടല്ല കായികതാരങ്ങൾ പൂജിക്കുന്നത്. വിശുദ്ധനും യോഗിക്കും ജാതിയില്ല, അതുപോലെ തന്നെയാണ് ഹനുമാനും ജാതിയില്ലെന്നാണ് വിശ്വസിക്കുന്നത്. ഞാൻ ഹനുമാനെ ദൈവമായിട്ടാണ് കാണുന്നത്. ജാതിയുമായി ഹനുമാന്റെ പേര് ബന്ധപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല,” ചേതൻ ചൗഹാൻ പറഞ്ഞു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഹനുമാന്റെ ജാതിയെ ചൊല്ലിയുളള വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ഹനുമാന്‍ ദലിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മറ്റുള്ളവരും രംഗത്തെത്തിയത്.

യോഗിക്കു പിന്നാലെ ഹനുമാന്‍ മുസ്‌ലിമായിരുന്നെന്ന വാദവുമായി ഉത്തര്‍പ്രദേശിലെ മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തി. ബുക്കല്‍ നവാബാണ് വാദവുമായി രംഗത്തെത്തിയത്. റഹ്മാന്‍, റമസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നും ബുക്കല്‍ നവാബ് പറഞ്ഞു.

ഉത്തര്‍പ്രദേശ് മന്ത്രിയായ ചൗധരി ലക്ഷ്മി നാരായണ്‍ ഹനുമാന്‍ ജാട്ട് ആയിരുന്നുവെന്ന വാദമാണ് മുന്നോട്ട് വച്ചത്. മറ്റുള്ളവര്‍ പ്രശ്‌നത്തിലാണെന്ന് കണ്ടാല്‍ ഉടനെ ഒന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെടുന്നവരാണ് ജാട്ടുകളെന്നും അതേ സ്വഭാവമാണ് ഹനുമാന്റേതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook