ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദലിതനാണെന്ന് പറഞ്ഞത്. ആദിവാസി ദലിതനാണ് ഹനുമാന്‍ എന്ന് രാജസ്ഥാനിലെ ആള്‍വാറില്‍ വച്ചായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ദലിതരുടെ വോട്ട് നേടാനുളള ശ്രമത്തിന്റെ ഭാഗമായായിരുന്നു അന്ന് ആദിത്യനാഥിന്റെ പ്രസ്താവന. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നു.

ബ്രാഹ്മണ മഹാസഭ അടക്കമുളള സംഘടനകള്‍ ആദിത്യനാഥിനെതിരെ രംഗത്ത് വന്നു. വോട്ട് പിടിക്കാനുളള തന്ത്രമാണ് ആദിത്യനാഥ് കാണിച്ചതെങ്കിലും രാജസ്ഥാനില്‍ ബിജെപി വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. മുമ്പെങ്ങും ഇല്ലാത്ത വിധമാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ ഹനുമാനെ കുറിച്ച് സംസാരിക്കുന്നതും ഓര്‍ക്കുന്നതും. ഹനുമാന്‍ മുസ്‌ലിം ആണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഒരു ബിജെപി നേതാവ്. ബിജെപിയുടെ നിയമസഭാ കൗണ്‍സില്‍ അംഗം ബുക്കാല്‍ നവാബ് ആണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

‘ഹനുമാന്‍ സ്വാമി ഒരു മുസ്‌ലിം ആണെന്നാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ടാണ് മുസ്‌ലിങ്ങളുടെ പേര് മുഴുവന്‍ ഹനുമാന്റെ പേരില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്നത്,’ നവാബ് പറഞ്ഞു. റഹ്മാന്‍, റമസാന്‍, ഫര്‍മാന്‍, ഖുര്‍ബാന്‍ എന്നിങ്ങനെയുളള പേരുകള്‍ ഉദ്ധരിച്ചായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.

ഹനുമാന്‍ ദലിതനാണെന്ന് ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെ ഹനുമാന്‍ മനുവാദികളുടെ അടിമയായ ദലിതനാണെന്ന് ബിജെപി നേതാവായ സാവിത്രിഭായ് ഫുലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സാവിത്രി പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഹനുമാന്‍ ജൈന മതക്കാരനാണെന്ന അവകാശവാദവും ഉയര്‍ന്നു. മധ്യപ്രദേശില്‍ നിന്നുളള ജൈന സ്വാമിയായ ആചാര്യ നിര്‍ഭയ് സാഗര്‍ മഹാരാജായിരുന്നു ഹനുമാന്‍ ജൈന മതക്കാരനാണെന്ന് പറഞ്ഞത്. ജൈന വിശുദ്ധ പുസ്തകങ്ങളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook