/indian-express-malayalam/media/media_files/cKJze66fOQ0FhlPP67X1.jpg)
ചിത്രം: പിക്സബെ
2022ൽ ആണ്, ചൈന ആദ്യമായി മുൻവർഷത്തെ അപേക്ഷിച്ച് ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയത്. 2023ലും ഏകദേശം 11 ദശലക്ഷം മരണങ്ങളും 9 ദശലക്ഷം ജനനങ്ങളുമായി ജനസംഖ്യയിൽ കുറവുണ്ടായി. ഈ സാഹചര്യത്തിലാണ് ചൈനയിൽ വീണ്ടും 'ഡ്രാഗൺ ബേബിസ്' എന്ന പദം ഉയർന്നു വരുന്നത്.
ഡ്രാഗൺ വർഷത്തിൽ ജനിച്ച കുട്ടികളെയാണ് ഡ്രാഗൺ ബേബീസായി കണക്കാക്കുന്നത്. മൃഗങ്ങളെ അടിസ്ഥാനമാക്കി വർഷങ്ങളെ തരംതിരക്കുന്ന ചൈനീസ് രാശിചക്രത്തെ പശ്ചാത്തലമാക്കിയാണ് ഡ്രാഗൺ ബേബിസ് എന്ന പദം ചൈനയിൽ ഉപയോഗിക്കുന്നത്. ഈ രാശിചക്രത്തിൽ എല്ലാ വർഷവും ഒരോ പ്രത്യേക മൃഗം ഉൾപ്പെട്ടിരിക്കുന്നു.
എലി, കാള, കടുവ, മുയൽ, ഡ്രാഗൺ, പാമ്പ്, കുതിര, ചെമ്മരിയാട്, കുരങ്ങ്, കോഴി, നായ, പന്നി തുടങ്ങിയ 12 രാശികളും ചിഹ്നങ്ങളുമാണ് ചൈനീസ് ജനത വിശ്വസിക്കുന്നത്. ഈ ചിഹ്നങ്ങളും രാശികളും എല്ലാ 12 വർഷവും ഭ്രമണ അടിസ്ഥാനത്തിൽ ആവർത്തിച്ചു വരുന്നു.
എല്ലാ മൃഗങ്ങളും നിർദ്ദിഷ്ട വ്യക്തിത്വങ്ങളും സ്വഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് ആ വർഷം ജനിച്ച കുട്ടികളിൽ ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. പുരാണ മൃഗങ്ങൾ ഭാഗ്യമുള്ളവരാണെന്ന വിശ്വാസത്തിൽ, ഡ്രാഗൺ വർഷങ്ങളിൽ കൂടുതൽ കുട്ടികൾ ജനിച്ചതായും ജനസംഖ്യയിൽ നേരിയ വർദ്ധനവ് ഉണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഭാഗ്യം ഉണ്ടാകുമെന്ന വിശ്വാസത്തിൽ ദമ്പതികൾ ഈ വർഷം, കുട്ടികൾക്കായി ശ്രമിക്കാറുമുണ്ട്.
എന്നാൽ ഈ വർഷങ്ങളിൽ ജനിച്ച കുട്ടികൾ മറ്റ് കുട്ടികളെ അപേക്ഷിച്ച് പഠനകാര്യങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും മികവു നേടുന്നതായും ചൈനയിൽ പഠനങ്ങൾ നടന്നിരുന്നു. ഈ കണക്കുകൾ, മുൻ ഡ്രാഗൺ വർഷങ്ങളിൽ ജനനം ഉയരാൻ ഇടയാക്കിയിരുന്നു. എന്നാൽ ഡ്രാഗൺ വർഷം ജനിച്ച കുട്ടികൾക്ക് മേലുള്ള അമിത പ്രതീക്ഷയും പരിചരണവുമാണ് ഈ നേട്ടങ്ങൾക്ക് കാരണമെന്ന്, യുഎസ് നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.