ബെംഗളൂരു: മൂന്ന് വര്‍ഷം മുന്‍പ് തനിക്ക് നേരെ കൊലപാതക ശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി മുതിർന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞൻ തപൻ മിശ്ര. 2017ൽ നടന്ന സംഭവത്തെക്കുറിച്ചാണ് ഐഎസ്ആര്‍ഒ ഉപദേശകനായ തപൻ മിശ്രയുടെ വെളിപ്പെടുത്തൽ.
2017 മേയ് 23 ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ ഭക്ഷണത്തിൽ ആർസെനിക് ട്രൈയോക്സൈഡ് എന്ന് മാരക വിഷം ഭക്ഷണത്തിൽ കലർത്തി തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നുവെന്നാണ് തപൻ മിശ്രയുടെ വെളിപ്പെടുത്തൽ.
ഉച്ച ഭക്ഷണത്തിനുശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ ആവാം വിഷം കലർത്തിയത് എന്ന് തപൻ മിശ്ര പറയുന്നു. മാരകമായ ഡോസ് കലർന്നിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ‘ലോങ് കെപ്റ്റ് സീക്രട്ട്’ എന്ന തലക്കെട്ടിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.
Read More: അംഗീകാരം ലഭിച്ച് 10 ദിവസത്തിനുള്ളിൽ വാക്സിനേഷന് തയ്യാറാണ്: മന്ത്രാലയം
ഐഎസ്ആർഒയുടെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ ആപ്ലിക്കേഷൻ സെന്റർ ഡയറക്ടറായി അദ്ദേഹം നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2017 ജൂലൈയിൽ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ സന്ദർശിക്കുകയും ആർസെനിക് വിഷത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും കൃത്യമായ പ്രതിവിധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡോക്ടർമാരെ സഹായിക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറിക്കുന്നു.
കഠിനമായ ശ്വാസ തടസ്സം, അസാധാരണമായ തരത്തിൽ ചർമം വിണ്ടുകീറൽ, ചർമത്തിൽ ചൊറിച്ചിൽ, ഫംഗസ് അണുബാധ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളാണ് തനിക്ക് പിന്നീട് അനുഭവപ്പെട്ടതെന്ന് മിശ്ര പറഞ്ഞു. പിന്നീട്, തന്റെ ശരീരത്തിൽ ആർസനിക് വിഷബാധയുള്ളതായി ഡൽഹിയിലെ എയിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച മെഡിക്കൽ റിപ്പോര്‍ട്ട് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു.
തനിക്കു നേരെയുള്ള കൊലപാതക ശ്രമത്തിന്റെ ലക്ഷ്യം ചാരവൃത്തിയായിരിക്കാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കേന്ദ്രസർക്കാർ ഇക്കാര്യം അന്വേഷിക്കണമെന്നും മിശ്ര പറയുന്നു. അതേസമയം ഐഎസ്ആർഒ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.