ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിലും ബരോ മാര്‍ക്കറ്റിലുമായി ആക്രമണം നടത്തിയ ഭീകരരുടെ മൃതദേഹങ്ങള്‍ ഇസ്ലാമിക ആചാരപ്രകാരം അടക്കം ചെയ്യില്ലെന്ന് ഇമാമുമാരുടെ സംഘം വ്യക്തമാക്കി. 130 ഇമാമുമാരും ഇസ്ലാമിക നേതാക്കന്‍മാരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭീകരവാദികള്‍ മുസ്ലിംങ്ങളല്ലെന്നും യാതൊരു വിധ ബഹുമാനവും നല്‍കില്ലെന്നും വ്യക്തമാക്കുന്നത്.

ഭീകരപ്രവര്‍ത്തനം നടത്തിയവര്‍ ഇസ്ലാമിന്റെ നിയമപ്രകാരം മുസ്ലിം അല്ലെന്നും ആയതിനാല്‍ മരണശേഷമുള്ള പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും നടത്തില്ലെന്നും ഇമാമുമാര്‍ അറിയിച്ചു. ബ്രിട്ടനിലെ മറ്റ് മത നേതാക്കളോ ഇമാമുമാരോ ഇവരെ മുസ്ലിമായി കണക്കാക്കി മരണാനന്തര ചടങ്ങുകള്‍ നടത്തരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഭീകരപ്രവര്‍ത്തനം പോലെയുള്ള ന്യായീകരിക്കാനാകാത്ത പ്രവര്‍ത്തികള്‍ ഇസ്ലാമിന് നിഷിദ്ധമാണെന്നും ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് യാതൊരു വിധ പിന്തുണയോ സഹാനുഭൂതിയോ ലഭിക്കില്ലെന്നും ഇമാമുമാര്‍ അറിയിച്ചു. ഇസ്ലാമിന്റെ പേരിലാണ് ചെയ്യുന്നതെങ്കില്‍ ഇത് ഇസ്ലാമിന് അപമാനമാണെന്ന് ബ്രിട്ടന്‍ മുസ്ലിം കൗണ്‍സില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read More : കപ്പൽച്ചേതം വരാത്ത വിശ്വാസത്തിന്റെ നഗരം

ശനിയാഴ്ച്ച നടന്ന ഭീകരാക്രമണത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. 48 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ മൂന്നുപേരെ പൊലീസ് മണിക്കൂറുകള്‍ക്കകം വധിക്കുകയായിരുന്നു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പത്തിനാണ് ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണം നടന്നത്. ആദ്യം ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇവിടെനിന്നു മുങ്ങിയ ഭീകരര്‍ ബരോ മാര്‍ക്കറ്റിലെത്തി നാട്ടുകാര്‍ക്കുനേരെ കഠാര ഉപയോഗിച്ച് ആക്രമണം നടത്തി.
നിരവധി പബുകളും റെസ്റ്റൊറന്റുകളും നിലനില്‍ക്കുന്ന ബരൊ മാര്‍ക്കറ്റിലെത്തിയ സംഘം നീളമുള്ള കത്തികള്‍ ഉപയോഗിച്ച് നാട്ടുകാരെ വെട്ടിപ്പരുക്കേല്‍പ്പിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തെ വോക്‌സ്ഹാള്‍ മേഖലയിലും കത്തി ഉപയോഗിച്ച് ആക്രമണം നടന്നിട്ടുണ്ട്.

അരയില്‍ വ്യാജബോംബുമായാണ് ആക്രമികളെത്തിയതെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ 48 പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുവീതം ഫ്രഞ്ച്, ആസ്‌ത്രേലിയന്‍ പൗരന്മാരുമുള്‍പ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ