ഔറംഗബാദ്: മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോണർ തടാകത്തിന്റെ നിറം മാറി. മുംബൈ നഗരത്തിൽ നിന്നും 500 കിലോമീറ്റർ മാറി ബുൽധാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ നിറമാണ് ചുവപ്പായി മാറിയിരിക്കുന്നത്. ദുരൂഹമായ ഈ നിറം മാറ്റത്തിന്റെ കാരണം അന്വേഷിക്കുകയാണ് ശാസ്ത്രലോകവും പ്രദേശവാസികളും.

ഇത് ആദ്യമായല്ല തടാകത്തിന്റെ നിറം മാറുന്നതെങ്കിലും ഇത്തരത്തിൽ തീവ്രമായ ചുവപ്പ് നിറം ദൃശ്യമാകുന്നത് ഇതാദ്യമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 50,000 കൊല്ലം മുമ്പ് ഭൂമിയില്‍ ഉല്‍ക്ക കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകമ്പനത്തില്‍ രൂപം കൊണ്ടതാണ് ലോണര്‍ തടാകം.

Read Also: ഫാക്‌ടറിയിൽവച്ച് കൂട്ടബലാത്സംഗത്തിനു ഇരയായി, ലോക്ക്‌ഡൗണ്‍ ദിവസങ്ങൾ കാടിനുള്ളിൽ; ഇതരസംസ്ഥാന തൊഴിലാളികൾ നേരിട്ടത് ക്രൂരപീഡനം

വെള്ളത്തില്‍ കാണുന്ന ഒരു തരം പായലിനോടൊപ്പം തന്നെ വെള്ളത്തിലെ ലവണത്വവും നിറവ്യത്യാസത്തെ സ്വാധീനിക്കാമെന്നാണ് ശാസ്ത്രഞ്ജർ അഭിപ്രായപ്പെടുന്നത്. ജലോപരിതലത്തിന് ഒരു മീറ്ററിന് താഴെയുള്ള ഭാഗത്ത് ഓക്‌സിജന്റെ അളവ് കുറവാണെന്നും ഇതുമൂലം വെള്ളത്തിലെ ലവണത്വം വര്‍ധിക്കുന്നത് ചുവപ്പുനിറം ഉളവാക്കുമെന്ന് ലോണര്‍ ലേക്ക് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മിറ്റിയംഗം ഗജാനന്‍ ഖരാട്ട് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഇറാനിലെ ഉര്‍മിയ തടാകത്തിലെ വെള്ളത്തിലും ഇതേ രീതിയില്‍ നിറവ്യത്യാസം അനുഭവപ്പെട്ടിരുന്നു. ഇതിന് കാരണമായി പറയപ്പെടുന്നത് ലവണത്വം കൂടിയതാണെന്ന്. വെള്ളത്തിന്റെ അളവ് കുറയുന്നത് മൂലം ക്ഷാരത വര്‍ധിക്കുന്നത് വെള്ളത്തിലെ പായലിന്റെ ഘടനയെ ബാധിക്കാം. ഇതും നിറംമാറ്റത്തിന് കാരണമായേക്കാമെന്ന് കരുതപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook