ലക്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് സീറ്റ് അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ബിജെപി എംപി സാക്ഷി മഹാരാജ്. ബിജെപിയുടെ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് അയച്ച കത്തിലാണ് സാക്ഷി മഹാരാജിന്റെ ഭീഷണി.

മാര്‍ച്ച് ഏഴിനാണ് സാക്ഷി മഹാരാജ് കത്തയച്ചിരിക്കുന്നത്. ‘ഉന്നാവോ മണ്ഡലത്തില്‍ എന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി വ്യത്യസ്തമായ ഒരു തീരുമാനമാണ് എടുക്കുന്നതെങ്കില്‍ അത് കോടിക്കണക്കിന് പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തും. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.’

പാര്‍ട്ടിയിലെ ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഏക സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് സാക്ഷി മഹാരാജ് പറുന്നു. ‘അതിനാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉന്നാവോ മണ്ഡലത്തില്‍ നിന്നും ഒരിക്കല്‍ കൂടി എന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി അംഗീകരിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ എന്നാല്‍ താന്‍ ഈ കത്ത് ഇതുവരെ കണ്ടിട്ടില്ലെന്നും, അത് തന്റെ കൈയ്യിലെത്തിയാല്‍ വായിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പാണ്ഡെ പറഞ്ഞു.

നാല് തവണ ലോക്സഭ എംപിയും ഒരു തവണ രാജ്യസഭ എംപിയുമായിരുന്ന സാക്ഷി മഹാരാജ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്. അതേസമയം, സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ബിജെപി ഇതുവരെയും അന്തിമതീരുമാനം എടുത്തിട്ടില്ല.

വിവാദങ്ങളുടെ പേരില്‍ എന്നും വാര്‍ത്തകളുടെ തലക്കെട്ടില്‍ ഇടം നേടാറുള്ള നേതാവ് കൂടിയാണ് സാക്ഷി മഹാരാജ്. ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി നിരവധി തവണ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം ചെയ്തത് വാര്‍ത്തയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ വിലാപയാത്രയില്‍ തിരഞ്ഞെടുപ്പ് റാലിയിലെന്ന പോലെ കൈവീശി കാണിച്ച് പങ്കെടുത്തത് വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook