ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം രാജ്യത്ത് ലോക്പാൽ പ്രവർത്തനക്ഷമമാകുന്നു. ലോക്പാൽ ബിൽ പാർലമെന്റ് പാസാക്കിയ ശേഷം അഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴാണ് ലോക്പാൽ അധ്യക്ഷനെ കേന്ദ്ര സർക്കാർ കണ്ടെത്തുന്നത്. ലോക്പാലിന്റെ പ്രഥമ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെയാണ് നിയമിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.
പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിക്കേസുകൾ അന്വേഷിക്കാൻ അധികാരമുള്ള സമിതിയാണ് ലോക്പാൽ. സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകാനും അഴിമതി നിരോധന നിയമപ്രകാരം നടപടി എടുക്കാനും ലോക്പാലിന് പ്രത്യേക അധികാരമുണ്ടാകും. 2014 ജനുവരി ഒന്നിന് രാഷ്ട്രപതി ഒപ്പിട്ട ലോക്പാൽ ബിൽ വിവിധ കാരണങ്ങൾ കൊണ്ട് വൈകുകയായിരുന്നു.
ലോക്പാൽ നിയമനം വൈകുന്നതിനെതിരെ സുപ്രീം കോടതി വിമർശനം ഉയർന്നതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം അടിയന്തര തീരുമാനമെടുത്തത്. പ്രധാനമന്ത്രിക്ക് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, മുതിർന്ന അഭിഭാഷകൻ മുഗുൾ റോത്തഗി എന്നിവരടങ്ങുന്ന സമിതിയാണ് ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ ലോക്പാൽ അധ്യക്ഷനായി തിരഞ്ഞെടുത്.
ഘോഷിനെ കൂടാതെ മറ്റ് എട്ട് പേര് കൂടിയാണ് ലോക്പാല്‍ സമിതിയിൽ ഉണ്ടാവുക. നാല് മുന്‍ ഹൈക്കോടതി ജഡ്ജിമാര്‍, നാല് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സമിതിയിലുണ്ടാകും. ലോക്പാല്‍ സമിതിയിലേക്കുള്ള പ്രത്യക ക്ഷണിതാവാകാനുള്ള സര്‍ക്കാര്‍ ക്ഷണം കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിരസിച്ചിരുന്നു.