/indian-express-malayalam/media/media_files/uploads/2019/05/petrol-petrol-price-hike-002.jpg)
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധനവിലയിലും വര്‍ദ്ധനവ് ആരംഭിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ഇന്ന് വര്‍ദ്ധനവാണ് ഉണ്ടായി. തിങ്കളാഴ്ച്ച രാജ്യതലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 9 പൈസ കൂടി 71.12 രൂപയായി വര്‍ധിച്ചു. ഡീസലിന് 15 പൈസ കൂടി 66.11 രൂപയായി. 15 ദിവസമായി മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ആഗോള ഇന്ധനവില ഉയര്‍ന്നിട്ടും മെയ് ആദ്യം ഡീസലിനും പെട്രോളിനും വില വര്‍ധനവ് ഉണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വിലയില്‍ വര്‍ധനവ് നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനികള്‍ പിടിച്ചു നിന്നതെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഓയില്‍ കമ്പനികള്‍ തങ്ങളുടെ നഷ്ടം നികത്താനായി ഇന്ധന വിലയില്‍ ദിനംപ്രതി വര്‍ധനവം ഉണ്ടാക്കിയാല്‍ അത്ഭുതപ്പെടാനില്ല. പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വരുന്നതോടെ ഇന്ധന വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടാവാന്‍ സാധ്യത വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ സംഘര്‍ഷ പശ്ചാത്തലത്തിലും ഇറാനും വെനസ്വുവേലയും ഇന്ധന വിതരണത്തില്‍ നിയന്ത്രണം വരുത്തിയും ക്രൂഡ് ഓയിലിന്റെ വില വര്‍ധിപ്പിച്ചേക്കും. ഇറക്കുമതി തീരുവയും സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റും കുറക്കാന്‍ തയ്യാറാവാതെ വന്നാല്‍ പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ ഇന്ധന വില കുതിച്ച് കയറും.
അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്. എന്നാല്‍, ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ 'നിശബ്ദ' വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം.
ക്രൂഡോയില്‍ വില വര്‍ധിച്ചിട്ടും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഓയില്‍ കമ്പനികള്‍ 3 മുതല്‍ 5 രൂപ വരെ ഇളവിലാണ് ഇന്ധനം വിറ്റതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ചില്‍ ബാരലിന് 67 ഡോളറും ഏപ്രിലില്‍ 71 ഡോളറും ആയിരുന്നു ക്രൂഡ് ഓയില് വില. മെയ് മാസത്തിലും ഏകദേശം ഇത് തന്നെയായിരുന്നു വില. ഇതേ ക്രൂഡ് ഓയില് വില ഉണ്ടായിരുന്ന ഓഗസ്റ്റ് മാസം പെട്രോളിന് 78ഉം ഡിസലിന് 70ഉം ആയിരുന്നു രാജ്യത്തെ വില. എന്നാല്‍ മാര്‍ച്ചില്‍ വിറ്റത് പെട്രോളിന് 73ഉം ഡീസലിന് 67ഉം എന്ന രീതിയിലായിരുന്നു. മെയ് മാസം വില കുറയുകയും ചെയ്തു. അത് കൊണ്ട് തന്നെ ഈ നഷ്ടം നികത്താനാവും വരും മാസങ്ങളില്‍ ഓയില്‍ കമ്പനികള്‍ ശ്രമിക്കുക.
തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 74.32 രൂപയും ഡീസലിന്‍റെ വില 71.01 രൂപയുമാണ്.
രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവിലകള്‍ താഴെക്കൊടുത്തിരിക്കുന്നു
പെട്രോള്‍ വില:-
ന്യൂഡല്‍ഹി: ₹71.12
കൊല്‍ക്കത്ത: ₹73.19
മുംബൈ: ₹76.73
ചെന്നൈ: ₹73.82
ഡീസല്‍ വില :-
ന്യൂഡല്‍ഹി: ₹66.11
കൊല്‍ക്കത്ത: ₹67.86
മുംബൈ: ₹69.27
ചെന്നൈ: ₹69.88
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us