ബംഗളൂരു: നിരവധി ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ച്ചകള്‍ക്കും ഒടുവില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദളും തമ്മില്‍ സീറ്റ് ധാരണയിലെത്തി. സംസ്ഥാനത്ത് ആകെയുള്ള 28 പാര്‍ലമെന്റ് സീറ്റുകളില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജനതാ ദള്‍ സെക്യുലര്‍ എട്ട് സീറ്റിലും മല്‍സരിക്കും. ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത് തുടങ്ങിയ പ്രധാന മണ്ഡലങ്ങള്‍ ജനതാദളിനാണ്.

കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായിട്ടില്ലെന്നും 15ന് രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ അഭിപ്രായം പറയുമെന്നും ജെഡിഎസ് നേതാവ് ദേവ ഗൗഡ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണെന്ന് സീറ്റ് ധാരണയിലെത്തിയത്. മൈസുരു-കൊടക് സീറ്റിന്റെ പേരിലായിരുന്നു ഇരു പാര്‍ട്ടികളും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നത്. ഈ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്.

ഇരു പാര്‍ട്ടികള്‍ക്കും സ്വാധീനമുളള കര്‍ണാടകയില്‍ വിജയസാധ്യതയും ഒരുപോലെയാണ്. ജെഡിഎസിന്റെ ശക്തികേന്ദ്രങ്ങളായ ഹസ്സനിലും മാണ്ഡ്യയിലും ദേവഗൗഡയുടെ ചെറുമക്കളായ പ്രജ്വാളിനേയും നിഖിലിനേയും മത്സരിപ്പിക്കാനുളള നീക്കം പാര്‍ട്ടിക്ക് അകത്ത് തന്നെ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. നിഖിലിനെതിരെ ബിജെപി സുമലതയെ നിര്‍ത്തുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ധാരണയായിട്ടില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ യെഡിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook