മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ മൂന്ന് വര്‍ഷമായി വിമര്‍ശനങ്ങള്‍ നടത്തുന്ന ശിവസേന വീണ്ടും ബിജെപിയുമായി സഖ്യത്തിന് തീരുമാനിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കും. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയും തമ്മിലുളള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഒന്നിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സഖ്യത്തെ കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചത്. ചില അഭിപ്രായ വ്യത്യാസങ്ങള്‍ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നതായി ഫഡ്നാവിസ് സമ്മതിച്ചു. മഹാരാഷ്ട്രയിൽ ശിവസേന 23ഉം ബി.ജെ.പി 25 ഉം സീറ്റുകളിലേക്കും മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒരുമിച്ചു നിൽക്കുമെന്നും ഫട്നവിസ് അറിയിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു കക്ഷികളും സീറ്റുകൾ തുല്യമായി വീതിക്കും.
ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാംഗങ്ങളെ പാർലമെന്റിലേക്ക് അയക്കുന്നത് മഹാരാഷ്ട്രയിൽനിന്നാണ്, 48 പേർ. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പി 26 ഉം ശിവസേന 22 ഉം സീറ്റുകളിലാണു മത്സരിച്ചത്. മൂന്നു പതിറ്റാണ്ടായി തുടർന്നു വന്ന ബിജെപി– ശിവസേന സഖ്യം 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉലഞ്ഞത്.