ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസർക്കാർ അന്തിമ രൂപം നൽകിയിരുന്നെങ്കിലും ലോക്സഭയുടെ അനുമതി ലഭിച്ചിരുന്നില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്ന നിയമം അടിയന്തര പ്രാധാന്യത്തോടെയാണ് സഭ പാസാക്കിയത്.
അതേസമയം പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് തെറ്റായ നടിപടിയാകുമെന്ന് നിരവധി അംഗങ്ങള്‍ ലോക്സഭയില്‍ ആശങ്ക ഉയര്‍ത്തി. കുടുംബാംഗങ്ങളുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അപ്പോള്‍ പകരക്കാരന്‍ പ്രവാസിയുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വോട്ട് ചെയ്യുന്നതെന്ന് ഉറപ്പിക്കാനാവില്ല. അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് തന്നെയാണ് പകരക്കാരന്‍ വോട്ട് ചെയ്തതെന്ന് എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് എംപിമാര്‍ ചോദിച്ചു.
ഓണ്‍ലൈന്‍-ഡിജിറ്റല്‍ മാര്‍ഗം വഴി വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് എളുപ്പവും സുതാര്യവുമെന്ന് മുംതാസ് സംഗമിത അടക്കമുളള എംപിമാര്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രവാസികളുടെ വോട്ടവകാശത്തെ സംശയത്തോടെ നോക്കേണ്ട കാര്യമില്ലെന്ന് നിയമകാര്യമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രോക്സി വോട്ട് എന്നത് തെറ്റായ കാര്യമല്ലെന്നും നിയമം കൊണ്ട് എംപിമാര്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ മാര്‍ഗം വഴി വോട്ട് രേഖപ്പെടുത്തുന്നത് പൂര്‍ണമായും സുരക്ഷിതമാണെന്ന് പറയാനാവില്ലെന്ന് രവിശങ്കർ പ്രസാദ് വ്യക്തമാക്കി. വോട്ടിങ്ങിലെ രഹസ്യസ്വഭാവം സൂക്ഷിക്കാനും ഇതിലൂടെ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടേഴ്സ് പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട എല്ലാ പ്രവാസികള്‍ക്കും വോട്ട് ചെയ്യാന്‍ കഴിയുമെന്ന് നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന പ്രദേശത്ത് നിന്നും പകരക്കാരന് വോട്ട് ചെയ്യാനുളള അവകാശം കൈമാറി കൊണ്ട് സ്ഥിരീകരണം നടത്തുക മാത്രം ചെയ്താല്‍ മതിയെന്നും അദ്ദേഹം അറിയിച്ചു.
ഏതാണ്ട് രണ്ടരക്കോടിയിലധികം ഇന്ത്യക്കാർ വിദേശരാജ്യങ്ങളിൽ കഴിയുന്നുണ്ടെന്നാണ് നിലവിലെ കണക്കുകൾ. പ്രവാസികൾക്ക് വോട്ടവകാശം നൽകുന്നതിലൂടെ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറാനും ഇക്കൂട്ടർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.