ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ സുപ്രീംകോടതി കൊണ്ടുവന്ന മാറ്റങ്ങൾ മറികടക്കുന്നതിനായുള്ള ബിൽ ലോക്സഭയിൽ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്.

ബില്ലിന് കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. സുപ്രീം കോടതി വിധി മറികടക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമനിർമ്മാണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകൾ ഒമ്പതിന് ഭാരത് ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. മോദി സർക്കാരിനെതിരായി ദലിത് വികാരം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് ബിൽ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായത്.

എസ്‌സി-എസ്ടി നിയമപ്രകാരം കേസെടുക്കുന്നതിന് മുമ്പായി ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും ആരെയെങ്കിലും അറസ്റ്റ‌്ചെയ്യുന്നതിന് മുമ്പായി ബന്ധപ്പെട്ട അധികാരകേന്ദ്രത്തിന്റെ അനുമതി വാങ്ങണമെന്നുമാണ് സുപ്രീം കോടതി വിധിച്ചത്. സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി മേലധികാരിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും കോടതി വിധിച്ചിരുന്നു.

മാത്രമല്ല എസ്‌സി-എസ്ടി നിയമപ്രകാരമുള്ള കേസുകളിൽ മുൻകൂർ ജാമ്യം പാടില്ലെന്ന വ്യവസ്ഥയും കോടതി എടുത്തുകളയുകയുണ്ടായി. ഈ വിധിയെ മറികടക്കുന്നതിനുള്ള ബില്ലിൽ 18എ (ഒന്ന്) എന്ന പുതിയ വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിയമപ്രകാരം ഏത് വ്യക്തിക്കെതിരായും കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഉപവകുപ്പിലെ ആദ്യവ്യവസ്ഥയിൽ പറയുന്നു.

ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റ‌് ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് ആരുടെയെങ്കിലും അനുമതി തേടേണ്ട ആവശ്യമില്ലെന്ന് ഉപവകുപ്പിന്റെ രണ്ടാംവ്യവസ്ഥയിൽ പറയുന്നു. എന്നാൽ, മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കുന്നതിനുള്ള വ്യവസ്ഥയൊന്നും ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook