/indian-express-malayalam/media/media_files/kgyQOYz0FAnYpXfgztra.jpg)
അമിത് ഷാ(ഫയൽ ചിത്രം)
ഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമങ്ങളുടെ ഭേദഗതിക്ക് ലോക്സഭയുടെ അംഗീകാരം.ഐ പി സി ഭാരതീയ ന്യായ (രണ്ട്) സൻഹിത, 2023 ബില്ലായും, സി ആർ പി സിയെ ഭാരതീയ നാഗരിക് സുരക്ഷാ (രണ്ട്) സൻഹിത, 2023 എന്ന പേരിലും, ഇന്ത്യൻ എവിഡൻസ് ആക്ടിനെ ഭാരതീയ സാക്ഷ്യ (രണ്ട്) ബിൽ (ബിഎസ്ബി) 2023 എന്ന പേരിലുമായി മാറ്റിയ ഭേദഗതി ബില്ലുകളാണ് ലോക്സഭ പാസ്സാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചത്. തുടർന്ന് ഭൂരിപക്ഷം അംഗങ്ങളും ബില്ലുകളെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി ബിൽ പാസാക്കുകയായിരുന്നു.
പുതിയ നിയമ ഭേദഗതി രാജ്യത്തെ ജനങ്ങളുടെ കൊളോണിയൽ ചിന്താഗതി മാറ്റുന്നവയാണെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. നിലവിലുണ്ടായിരുന്ന നിയമങ്ങൾ ബ്രിട്ടീഷ് ഭരണ കാലത്ത് കൊണ്ടുവന്നവയാണ്. അതിനാൽ തന്നെ അവയിൽ ഭേദഗതി വരുത്തിയില്ലെങ്കിൽ 'ഹെർ മജസ്റ്റി', 'ബ്രിട്ടീഷ് ക്രൗൺ', 'ബാരിസ്റ്റർ' തുടങ്ങിയ പ്രയോഗങ്ങളുടെ നിയമാനുസൃതമായി തന്നെ നിലനിർത്തേണ്ടി വരുമെന്നും അത് ഒഴിവാക്കാൻ ഭേദഗതി വഴി സാധ്യമാകുമെന്നും ഷാ വ്യക്തമാക്കി.
ബിൽ അവതരണത്തിലെ പ്രധാന ഭാഗങ്ങൾ
ഭാരതീയ ന്യായ സൻഹിത ഇന്ത്യൻ ശിക്ഷാനിയമം-1860, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 1973-ലെ CrPC-യ്‌ക്ക് പകരമായി, ഭാരതീയ സാക്ഷ്യ ബിൽ 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരമായുമാണ് ഭേദഗതി ചെയ്തുകൊണ്ട് ബില്ലുകൾ അവതരിപ്പിച്ചത്.
📌മൂന്ന് നിർദ്ദിഷ്ട നിയമങ്ങൾക്കും തീവ്രവാദം, രാജ്യദ്രോഹം എന്നിവ ഒരു കുറ്റകൃത്യമായി നിർവചിക്കുകയും "സ്റ്റേറ്റിനെതിരായ കുറ്റകൃത്യങ്ങൾ" എന്ന പേരിൽ ഒരു പുതിയ വകുപ്പ് രൂപീകരിക്കാനും ഭേദഗതിയിൽ വ്യക്തമാക്കുന്നതായി ബിൽ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
📌മൂന്ന് ബില്ലുകളും സമഗ്രമായ കൂടിയാലോചനകൾക്ക് ശേഷമാണ് തയ്യാറാക്കിയതെന്നും, സഭയുടെ അംഗീകാരത്തിനായി കൊണ്ടുവരുന്നതിന് മുമ്പ് കരട് നിയമനിർമ്മാണങ്ങളുടെ ഓരോ കോമയും ഫുൾ സ്റ്റോപ്പുമടക്കം ഇഴ കീറി പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
📌നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ - ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ഇന്ത്യൻ എവിഡൻസ് ആക്റ്റ്, ക്രിമിനൽ പ്രൊസീജർ കോഡ് (സിആർപിസി) എന്നിവ - ശിക്ഷിക്കാനും നീതി നൽകാതിരിക്കാനും ഉദ്ദേശിച്ചുള്ള കൊളോണിയൽ മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നും അതിൽ മാറ്റം വരുത്താനാണ് ഭേദഗതിയെന്ന് ഷാ വ്യക്തമാക്കി.മൂന്ന് നിർദ്ദിഷ്ട ക്രിമിനൽ നിയമങ്ങൾ കൊളോണിയൽ മാനസികാവസ്ഥയിൽ നിന്നും അതിന്റെ ചിഹ്നങ്ങളിൽ നിന്നും ആളുകളെ മോചിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📌ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് മാനുഷികമായ തലമുണ്ടാകും. ഇപ്പോഴും ബ്രിട്ടീഷ് ഭരണകൂടം നിർമ്മിച്ച നിയമങ്ങൾ പിന്തുടരുന്നതിൽ നിന്നുമുള്ള മാറ്റമാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.ഇപ്പോഴും 'ഹെർ മജസ്റ്റി', 'ബ്രിട്ടീഷ് ക്രൗൺ', 'ബാരിസ്റ്റർ' തുടങ്ങിയ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിലെ മാറ്റമാണ് സാധ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.
📌കൊളോണിയൽ കാലത്തെ നിയമങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ, മനുഷ്യാവകാശങ്ങൾ, അതിർത്തി സുരക്ഷ, സൈന്യം എന്നിവയെക്കാൾ "ഖജനാവ് കൊള്ളയടിക്കുക", "റെയിൽ ട്രാക്കുകൾ പിഴുതെറിയുക", "കിരീടത്തെ അപമാനിക്കുക" എന്നീ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അമിത് ഷാ വിമർശിച്ചു.
📌ഭേദഗതി പ്രകാരം ബലാത്സംഗ കുറ്റത്തെ സെക്ഷൻ 375-376 നിന്നും സെക്ഷൻ 63 ആയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. കൊലപാതക കുറ്റം സെക്ഷൻ 302 ൽ നിന്നും സെക്ഷൻ 101 ആയാണ് മാറ്റിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ കുറ്റം സെക്ഷൻ 359 ൽ നിന്നും സെക്ഷൻ 136 ആയാണ് ഭേദഗതി ചെയ്തിരിക്കുന്നത്.
📌ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നൽകുന്നതാണ് നിലവിലെ ബില്ലെന്ന് എമിത് ഷാ വ്യക്തമാാക്കി. കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചുകൊണ്ടായിരുന്നു ഈ ഭാഗം അദ്ദേഹം അവതരിപ്പിച്ചത്.
ബിജെപിയെയും ഞങ്ങളുടെ മാനസികാവസ്ഥയും ചിദംബരത്തിന് മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് നിങ്ങൾ ആൾക്കൂട്ടത്തെ ശിക്ഷിക്കാത്തത്? നിങ്ങളുടെ ഭരണകാലത്ത് ആൾക്കൂട്ടക്കൊലപാതകമുണ്ടോ? ഒരാളുടെ മനസ്സ് ഇന്ത്യക്കാരനാണെങ്കിൽ, നിങ്ങൾക്ക് നിയമങ്ങൾ മനസ്സിലാകുമെന്നും അത് ഇറ്റാലിയൻ ആണെങ്കിൽ മനസ്സിലാകാൻ പ്രയാസമാണെന്നും ഷാ കുറ്റപ്പെടുത്തി.
📌മൂന്ന് ബില്ലുകളും ഭരണഘടനയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. മൂന്ന് നിയമങ്ങളും നീതി, സുതാര്യത, എന്നിവയിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നിറവേറ്റുന്ന ആദ്യ സർക്കാരാണിത്. ഞങ്ങൾ ആർട്ടിക്കിൾ 370 റദ്ദാക്കി, വടക്കുകിഴക്കൻ മേഖലയിലെ 70 ശതമാനം പ്രദേശങ്ങളിൽ അഫ്‌സ്പ എടുത്തുകളഞ്ഞു. സംസ്ഥാനങ്ങൾ മുത്തലാഖ് നിരോധിക്കുകയും പാർലമെന്റിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുകയും ചെയ്തുവെന്നും അമിത് ഷാ വ്യക്തമാക്കി.
അതേ സമയം സഭയിൽ ഇന്നും എം പി മാർക്കെതിരെയുള്ള നടപടികളുണ്ടായി. കേരളത്തിൽ നിന്നുള്ള എം പി മാരായ തോമസ് ചാഴികാടൻ, എ എം ആരിഫ് എന്നിവരെയാണ് സഭയിൽ നിന്നും ഇന്ന് സസ്പെൻഡ് ചെയ്തത്. ഇതോടെ ഇരു സഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്യപ്പെടുന്ന എം പി മാരുടെ എണ്ണം 143 ആയി. അതേ സമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ അനുകരിച്ച വിഷയത്തിൽ രാജ്യസഭയിൽ എൻ ഡി എ എം പി മാരുടെ പ്രതികരണമുണ്ടായി. ഉപരാഷ്ട്രപതിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അംഗങ്ങൾ എഴുന്നേറ്റ് നിന്നാണ് പ്രതികരിച്ചത്. തൃണമൂൽ കോൺഗ്രസ് എം പി കല്യാൺ ബാനർജിയാണ് പാർലമെന്റിന് പുറത്ത് വെച്ച് രജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതിയെ അനുകരിക്കുകയും വീഡിയോ പകർത്തുകയും ചെയ്തത്.
അതേസമയം തനിക്കെതിരായ മിമിക്രി വിഷയത്തിൽ വളരെ വൈകാരികമായാണ് ഉപരാഷ്ട്രപതി പ്രതികരിച്ചത്. അനുകരണ വീഡിയോ പകർത്തുന്നതിലൂടെ ജഗ്ദീപ് ധൻകറെന്ന വ്യക്തിയെയല്ല മറിച്ച് താൻ അലങ്കരിച്ചിരിക്കുന്ന രാജ്യത്തിന്റെ പരമോന്നതമായ പദവിയെയാണ് അവഹേളിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരിക്കലും സഹിക്കാൻ കഴിയുന്ന ഒന്നല്ലെന്നും തന്റെ ഓാഫീസിന്റെ അഭിമാനത്തിനാണ് ഇതിലൂടെ കോട്ടം സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മിമിക്രിയിലൂടെ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയെ അവഹേളിച്ച എം പി യുടെ നടപടി വളരെ വേദനാജനകമാണെന്നായിരുന്നു വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.