ചരിത്രം കുറിക്കാൻ മമത: 42 സ്ഥാനാർത്ഥികളിൽ 17 പേർ വനിതകൾ

ബിഎസ്‌പി-എസ്‌പി സഖ്യ സ്ഥാനാർത്ഥിക്ക് വേണ്ടി ഉത്തർപ്രദേശിലെ വാരണാസിയിൽ പ്രചാരണത്തിനിറങ്ങാൻ തയ്യാറാണെന്ന് മമത ബാനർജി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥിപ്പട്ടികയിൽ റെക്കോഡിട്ട് തൃണമൂൽ കോൺഗ്രസ്. വെസ്റ്റ് ബംഗാളിൽ ആകെയുളള 42 സീറ്റിലും മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് അണിനിരത്തുന്നത് 17 സ്ത്രീകളെയാണ്. ആകെ സ്ഥാനാർത്ഥികളുടെ 41 ശതമാനത്തോളം വരും ഇത്.

സ്ഥാനാർത്തിപ്പട്ടിക പുറത്തുവിട്ടപ്പോൾ മമത ബാനർജി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിയെ പുറത്താക്കുക എന്നത് മാത്രമാണ് തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മമത പറഞ്ഞു.

പട്ടികയിൽ പുതുമുഖങ്ങളുണ്ട്. അതേസമയം സിറ്റിങ് എംപിമാരിൽ ചിലരെ മത്സരിപ്പിക്കുന്നില്ല. 42 സീറ്റിലും വിജയിക്കാനാണ് ശ്രമമെന്നും മമത പറഞ്ഞു. വെസ്റ്റ് ബംഗാളിന് പുറമെ, ഝാർഖണ്ഡ്, ആസാം, ഒഡിഷ, ബീഹാർ, ആന്തമാൻ എന്നിവിടങ്ങളിലും മത്സരിക്കുമെന്ന് മമത ബാനർജി പറഞ്ഞു.

എസ്പി നേതാവ് അഖിലേഷ് യാദവും ബഹജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതിയും ആവശ്യപ്പെടുകയാണെങ്കിൽ, ഉത്തർപ്രദേശിലെ വാരണാസിയിൽ അവരുടെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും മമത പറഞ്ഞു.

ബിനയ് തമാങിന്റെ ഗോർഖ ജനമുക്തി മോർച്ചയുമായി ഇക്കുറി തൃണമൂൽ കോൺഗ്രസ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഡാർജിലിങ് സീറ്റ് ബിജെപിയിൽ നിന്ന് പിടിച്ചെടുക്കാനാണ് ഈ നീക്കം. ഗോർഖ ജനമുക്തി മോർച്ച നേതാവ് അമർ സിങ് റായിയാണ് ഡാർജിലിങ് സീറ്റിൽ മത്സരിക്കുന്നത്. മത്സരത്തിന് മുൻപ് അമർ സിങ് റായി ഗോർഖ ജനമുക്തി മോർച്ചാ അംഗത്വം രാജിവച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനാവും.

സംസ്ഥാനത്ത് പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന സുബ്രത മുഖർജി ഇക്കുറി മത്സരിക്കുന്നുണ്ട്. ഇതിന് പുറമെ ചലച്ചിത്ര താരങ്ങളായ നുസ്രത്ത് ജഹാൻ, മിമി ചക്രബർത്തി എന്നിവരും മത്സരരംഗത്തുണ്ട്. ഇവരും തൃണമൂൽ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

ബിജെപി വിജയിച്ച അസൻസോളിൽ മൂൺ മൂൺ സെന്നാണ് ഇക്കുറി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി. ബീർഭൂമിൽ ശതാബ്ദി റോയ് മത്സരിക്കും. സുബ്രത ബക്ഷി, സന്ധ്യ റോയ്, ഉമ സോറെൻ തുടങ്ങിയവരും മത്സരിക്കുന്നുണ്ട്. ഏപ്രിൽ 11 നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുക. ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 23 ന് പുറത്തുവരും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lok sabha elections west bengal mamata banerjee tmc candidate list

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com