മുംബൈ: ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ സ്ഥാനാർഥികളെ നിർത്താൻ കോൺഗ്രസിന് ഭയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ പരിഹാസം. ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിക്കാൻ തീരുമാനിച്ചത് ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ മത്സരിക്കാൻ കോൺഗ്രസിന് ധൈര്യമില്ലാത്തതുകൊണ്ടാണെന്ന് മോദി കൂട്ടിച്ചേർത്തു.
ഹിന്ദു ഭീകരവാദം എന്ന വാക്കിന് ജന്മം നൽകിയത് കോൺഗ്രസണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. സമാധാനം ആഗ്രഹിക്കുന്ന ഹിന്ദുക്കളെ കോൺഗ്രസ് ഭീകരവാദികളാക്കിയെന്നും, വർഷങ്ങളുടെ പാരമ്പര്യമുള്ള ഹിന്ദു സംസ്കാരത്തെ ലോകത്തിന് മുന്നിൽ കോൺഗ്രസ് അപമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. ബുധനാഴ്ച കോഴിക്കോട് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം പ്രചാരണ പരിപാടികള്‍ ആരംഭിക്കാനാണ് സാധ്യത. രാഹുല്‍ കേരളത്തില്‍ എത്തുമ്പോള്‍ കനത്ത സുരക്ഷയൊരുക്കും.