Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

Lok Sabha Election 2019: പെരുമാറ്റച്ചട്ടം: അറിയേണ്ടതെല്ലാം

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ഉടൻ പ്രാബല്യത്തിൽ വരും. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് പെരുമാറ്റ ചട്ടത്തിൽ ഉള്ളത്

election 2019

Lok Sabha Election 2019: വൈകിട്ട് അഞ്ചു മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കും. ആന്ധ്രാ പ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പത്ത് ലക്ഷം തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലായി, 543 ലോക്സഭാ നിയോജകമണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുനിൽ അറോറ പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ഉടൻ പ്രാബല്യത്തിൽ വരും. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് പെരുമാറ്റ ചട്ടത്തിൽ ഉള്ളത്. മറ്റു കാര്യങ്ങൾ കൂടാതെ, നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്നും ഈ കോഡ് സർക്കാരിനെ തടയുന്നു.

എന്താണ് മോഡല്‍ കോഡ് ഓഫ് കണ്‍ഡക്റ്റ് (മാതൃകാപരമായ പെരുമാറ്റച്ചട്ടം) ?

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർത്ഥികളെയും നിയന്ത്രിക്കാനായി പുറപ്പെടുവിക്കുന്ന ഒരു കൂട്ടം മാർഗനിർദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാപരമായ പെരുമാറ്റച്ചട്ടങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഭാഷണങ്ങൾ, തിരഞ്ഞെടുപ്പ് ദിനം, തിരഞ്ഞെടുപ്പ് ബൂത്തുകൾ എന്നിവയോടുള്ള ബഹുമാനം, വകുപ്പുകൾ, തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഉള്ളടക്കം, പ്രചാരണം, പൊതുവായുള്ള പെരുമാറ്റം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുക വഴി, സ്വതന്ത്രവും ന്യായമായ ഒരു തിരഞ്ഞെടുപ്പിനു സഹായകമായ സാഹചര്യം ഉണ്ടാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

Read More: ലോകസഭാ തിരഞ്ഞെടുപ്പ് തീയതികള്‍

എപ്പോഴാണ് മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത്?

1960-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ആദ്യമായി മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ഒരു രൂപം അവതരിപ്പിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നു. 1962-ലെ തിരഞ്ഞെടുപ്പിൽ ഇത് എല്ലാ പാർട്ടികളും പിന്തുടരുകയും, തുടർന്ന് വന്ന പൊതു തിരഞ്ഞെടുപ്പിൽ തുടർന്നും ഇത് പിന്തുടരുകയും ചെയ്തു. 1979 ഒക്ടോബർ മാസം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വിഭാഗം കൂടെ എഴുതിച്ചേർത്ത് അധികാരത്തിൽ ഇരിക്കുന്ന പാർട്ടിക്ക് തിരഞ്ഞെടുപ്പില്‍ അന്യായമായ പ്രയോജനം ലഭിക്കുന്നതിൽ നിന്നും തടഞ്ഞു. തിരഞ്ഞെടുപ്പ് പട്ടിക പ്രഖ്യാപിക്കുന്ന ദിവസം മുതൽ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതുവരെ ഈ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ നിൽക്കും. അതിന്റെ ഫലമായി, ഇന്ന് വൈകിട്ട് നിലവിൽ വരുന്ന പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിക്കുന്നത് വരെ നിലനിൽക്കും.

മാതൃകാ പെരുമാറ്റച്ചട്ടം എന്തൊക്കെ നിയന്ത്രണങ്ങളാണ് ചുമത്തുന്നത്?

പൊതുവായ പെരുമാറ്റം, യോഗങ്ങൾ, പ്രകടനം, തിരഞ്ഞെടുപ്പ് ദിവസം, തിരഞ്ഞെടുപ്പ് ബൂത്ത്, നിരീക്ഷകർ, അധികാരത്തിൽ ഇരിക്കുന്ന പാർട്ടി, തിരഞ്ഞെടുപ്പ് പ്രകടനപത്രിക തുടങ്ങിയവയെ കൈകാര്യം ചെയ്യാനായി എട്ട് നിബന്ധനകളാണ് മാതൃക പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചട്ടം നിലവിൽ വരുന്ന സമയം മുതൽ അധികാരത്തിൽ ഇരിക്കുന്ന പാർട്ടി, കേന്ദ്രത്തിലാണെങ്കിലും സംസ്ഥാനത്തിലാണെങ്കിലും, തങ്ങളുടെ ഔദ്യോഗിക പദവി പ്രചാരണത്തിനായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സമ്മതിദാനത്തെ സ്വാധീനിക്കുന്ന വിധം പുതിയ നയങ്ങളോ, പ്രോജക്ടുകളോ, പദ്ധതികളോ പ്രഖ്യാപിക്കാൻ പാടില്ല. പൊതു ഖജനാവിലെ പണമുപയോഗിച്ചു വിജ്ഞാപനങ്ങൾ നിർമ്മിക്കുകയോ ഔദ്യോഗിക ബഹുജനമാധ്യമമുപയോഗിച്ചു നേട്ടങ്ങൾക്ക് പ്രചാരം നൽകി തിരഞ്ഞെടുപ്പ് വിജയത്തിനുള്ള സാധ്യത വർധിപ്പിക്കാനോ പാടില്ല.

മന്ത്രിമാർ ഔദ്യോഗിക സന്ദർശനങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കാനോ അല്ലെങ്കിൽ ഔദ്യോഗിക സംവിധാനങ്ങൾ ഈ താല്പര്യത്തിനു വേണ്ടി ഉപയോഗിക്കാനോ പാടില്ലായെന്നു ചട്ടം അനുശാസിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭരിക്കുന്ന പാർട്ടിക്ക് സർക്കാർ വാഹനങ്ങളോ മറ്റു സംവിധാനങ്ങളോ ഉപയോഗിക്കാൻ സാധിക്കില്ല. ഭരണത്തിലിരിക്കുന്ന പാർട്ടിക്ക് തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താൻ മൈതാനങ്ങൾ പോലുള്ള പൊതുസ്ഥലങ്ങൾ അനുവദിക്കുന്നതും, ഹെലിപാഡ് പോലുള്ള സംവിധാനങ്ങൾ നല്കുന്നതുമെല്ലാം അതു പോലെ തന്നെ പ്രതിപക്ഷ പാർട്ടിക്കും നൽകുന്നുണ്ടെന്ന് ചട്ടം ഉറപ്പ് വരുത്തണം.

പൊതു ഖജനാവിലെ പണമുപയോഗിച്ചു പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വിജ്ഞാപനം നടത്തുന്നത് നിയമലംഘനമായി കണക്കാക്കപ്പെടും. സമ്മതിദായകരെ സ്വാധീനിക്കുന്ന രീതിയിൽ സർക്കാർ സ്ഥാപനങ്ങളിലോ അല്ലെങ്കിൽ പൊതു സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള നിയമനങ്ങൾ നടത്താൻ ഭരിക്കുന്ന സർക്കാരിന് സാധിക്കില്ല.

രാഷ്ട്രീയ പാർട്ടികളെയോ സ്ഥാനാർത്ഥികളെയോ അവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ജാതിയുടെയോ വർഗീയ വികാരങ്ങളുടെ പേരിൽ വിമര്‍ശിച്ച്‌ സമ്മതിദായകരെ സ്വാധീനിക്കാൻ പാടില്ല. തിരഞ്ഞെടുപ്പ് പ്രൊപ്പഗണ്ടയുടെ ഭാഗമായി ക്രിസ്ത്യന്‍ പള്ളികൾ, മുസ്‌ലിം പള്ളികൾ, അമ്പലങ്ങൾ അല്ലെങ്കിൽ മറ്റേതു ആരാധനാലയങ്ങളും ഉപയോഗിക്കാൻ പാടില്ല. സമ്മതിദായകരുടെ പേരിലുള്ള ആൾമാറാട്ടം, ഭീഷണിപ്പെടുത്തൽ, കൈകൂലി നൽകുക എന്നിവ വിലക്കിയിരിക്കുന്നു. തിരഞ്ഞെടുപ്പ് അവസാനിക്കുന്ന സമയത്തിന് നാല്പത്തിയെട്ടു മണിക്കൂർ മുൻപേയുള്ള സമയത്ത് പൊതുയോഗങ്ങൾ നടത്തുന്നത് നിരോധിച്ചിരിക്കുകയാണ്. ഈ നാല്പത്തിയെട്ടു മണിക്കൂർ അറിയപ്പെടുന്നത് ‘തിരഞ്ഞെടുപ്പ് നിശബ്ദത’ സമയമെന്നാണ്. ഈ ആശയം ഒരു സമ്മതിദായകന് വോട്ട് നല്കുനന്നതിനു മുൻപ് നടന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു തന്റെ വോട്ട് രേഖപ്പെടുത്താനുള്ള ഒരു പ്രചാരണമുക്തമായ അന്തരീക്ഷം നൽകാനാണ്.

 

മാതൃക പെരുമാറ്റച്ചട്ടത്തിന്റെ നിയമസാധുതകള്‍ എന്തൊക്കെയാണ് ?

തിരഞ്ഞെടുപ്പ് സ്വതന്ത്രവും ന്യായപരവുമായി നടത്താനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രേരണയുടെ ഭാഗമായി പ്രധാന രാഷ്ട്രീയ പാർട്ടികളുടെ സമ്മതത്തോടെയാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. ഇതിനു നിയമപരമായ പിന്തുണയില്ല. ഈ ചട്ടങ്ങൾ ലംഘിക്കുന്നവരെ നിയമത്തിലെ ഏതെങ്കിലും വകുപ്പ് ചുമത്തി വിസ്തരിക്കാൻ സാധിക്കില്ലയെന്നാണ് ഇത് ലളിതമായി അർത്ഥമാക്കുന്നത്. എല്ലാം സ്വമേധയായാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ധാർമ്മിക സമ്മർദ്ദമോ അല്ലെങ്കിൽ ശിക്ഷയോ ആണ് അതിന്റെ കർത്തവ്യ നിർവഹണത്തിനായി ഉപയോഗിക്കുന്നത്.

പെരുമാറ്റച്ചട്ട ലംഘനത്തിന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വമേധയായോ അല്ലെങ്കിൽ മറ്റൊരാളുടെ പരാതിയിൻ പ്രകാരമോ ഒരു രാഷ്ട്രീയ പ്രവർത്തകനോ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടിക്കോ നോട്ടീസ് അയക്കാവുന്നതാണ്. നോട്ടീസ് ലഭിച്ചു കഴിഞ്ഞാൽ, ലഭിച്ച വ്യക്തിയോ പാർട്ടിയോ എഴുത്താല്‍ മറുപടി നൽകണം. കുറ്റം സമ്മതിച്ചു കൊണ്ട് നിരുപാധികം ക്ഷമ ചോദിക്കുകയോ അല്ലെങ്കില്‍ ആരോപണങ്ങൾ നിരസിച്ചു കൊണ്ടോ ഉത്തരം നൽകാം. രണ്ടാമത്തെ അവസ്ഥയിൽ, തുടർന്ന് ആ പാർട്ടിയോ വ്യക്തിയോ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ശാസന അഭിമുഖീകരിക്കേണ്ടി വരും. ഇത് പലപ്പോഴും വളരെ മൃദുവായ നടപടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

മുൻപ് നടന്ന പെരുമാറ്റച്ചട്ട ലംഘനങ്ങൾ

2017-ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയും കോൺഗ്രെസും പെരുമാറ്റച്ചട്ടം ലംഘിച്ചതായി  പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ രാഹുൽ ഗാന്ധി നൽകിയ ടെലിവിഷൻ അഭിമുഖത്തെ ചൂണ്ടിക്കാണിച്ചു ബിജെപി ആരോപണം ഉന്നയിച്ചപ്പോൾ, നരേന്ദ്ര മോദി തന്റെ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം നടത്തിയ ‘റോഡ് ഷോ’ ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് ആരോപണം നടത്തിയത്.

ഗോവയിൽ തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ബിജെപി, കോൺഗ്രസ് പാർട്ടി സ്ഥാനാർഥികളിൽ നിന്നും പൈസ വാങ്ങി ആം ആദ്‌മി പാർട്ടിക്ക് വേണ്ടി വോട്ട് നൽകണമെന്ന് അപേക്ഷിച്ചതിന് അരവിന്ദ് കേജ്‌രിവാളിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ ശാസിക്കുകയുണ്ടായി.

പെരുമാറ്റച്ചട്ടത്തിന്റെ നടത്തിപ്പിനായി ശക്തമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ എടുക്കുന്നത് ചുരുക്കമാണെങ്കിലും, ഈ അടുത്ത് നടന്ന അസാധാരണമായൊരു ലംഘനം തിരഞ്ഞെടുപ്പ് കമ്മീഷനെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചതിനു ഒരു ഉദാഹരണമാണ്. 2014 ലോക്സഭ തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ, ഇപ്പോഴത്തെ പാർട്ടി പ്രസിഡന്റും ബിജെപി നേതാവുമായ അമിത് ഷായേയും എസ് പി നേതാവ് അസം ഖാനെയും അവരുടെ പ്രഭാഷണങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പ് അന്തരീക്ഷം പിന്നെയും മലിനമാക്കാതിരിക്കാൻ പ്രചാരണത്തിൽ നിന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഇന്ത്യൻ ഭരണഘടനയിലെ 324-ലാം വകുപ്പ് പ്രകാരം കമ്മീഷന്റെ അസാമാന്യമായ അധികാരം ഉപയോഗിച്ചാണ് വിലക്കേർപ്പെടുത്തിയത്. നേതാക്കൾ മാപ്പപേക്ഷിച്ച് പെരുമാറ്റചട്ടപ്രകാരം പ്രവർത്തിക്കാമെന്നു വാക്ക് നൽകിയതിന് ശേഷമാണു വിലക്ക് പിൻവലിച്ചത്.

Read in English Logo Indian Express

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lok sabha election dates model code of conduct

Next Story
‘ഇനിയും സഹിക്കാനാകില്ല’; ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രിNarendra Modi, Monsoon Session, Parliament, PM Modi, Opposition parties, ParliamentLok Sabha, Rajya Sabha
The moderation of comments is automated and not cleared manually by malayalam.indianexpress.com