പ്രയാഗ്രാജ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര നടത്തുന്ന ‘ഗംഗ യാത്ര’യ്ക്ക് തുടക്കമായി. ത്രിവേണി സംഗമത്തിൽ പൂജ നടത്തിയശേഷമാണ് പ്രിയങ്ക യാത്രയ്ക്ക് തുടക്കമിട്ടത്. പ്രയാഗ്രാജിലെ ഹനുമാൻ ക്ഷേത്രത്തിലും പ്രിയങ്ക പൂജ നടത്തി. നിങ്ങളുടെ വേദനകൾ തിരിച്ചറിയാൻ നിങ്ങളുടെ വാതിൽപ്പടിയിലേക്ക് ഞാനെത്തുന്നുവെന്നാണ് പ്രിയങ്ക ജനങ്ങളോട് പറഞ്ഞിരിക്കുന്നത്.

പ്രയാഗ്രാജിൽനിന്നും വാരണാസി വരെയാണ് പ്രിയങ്കയുടെ യാത്ര. പ്രയാഗ്രാജിലെ മനയ്യയിൽനിന്നും സ്റ്റീമർ ബോട്ടിലാണ് പ്രിയങ്കയും സംഘവും ഇന്നു യാത്ര ചെയ്യുക. ഇതിനിടയിൽ വിദ്യാർത്ഥികളുമായി ബോട്ട് പേ ചർച്ചയും പ്രിയങ്ക നടത്തും. മാര്‍ച്ച് 18 മുതല്‍ 20 വരെയാണ് പ്രിയങ്കയുടെ യാത്ര. ഞായറാഴ്ചയാണ് ലക്നൗവിലെ പാർട്ടി ആസ്ഥാന ഓഫിസിൽ പ്രിയങ്ക എത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തുകയും ചെയ്തു.


നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തുറന്ന കത്തിലൂടെ പ്രിയങ്ക ജനങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ”നദിയിലൂടേയും ബസിലും ട്രെയിനിലും പദയാത്രയുമായെല്ലാം നിങ്ങള്‍ക്ക് അരികിലേക്ക് ഞാനെത്തും. സത്യത്തിന്റേയും സമത്വത്തിന്റേയും പ്രതീകമാണ് ഗംഗ. ഗംഗ ആളുകളെ വിവേചനത്തോടെ കാണില്ല. ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ കരുത്താണ് ഗംഗ. ആ ഗംഗയുടെ സഹായത്തോടെ ഞാന്‍ നിങ്ങളിലേക്ക് എത്തും” പ്രിയങ്ക പറഞ്ഞു.
Read: ബോട്ടിലും ബസിലും ട്രെയിനിലും കയറി നിങ്ങള്‍ക്ക് അരികിലേക്ക് ഞാനെത്തും: പ്രിയങ്ക ഗാന്ധി
”യുപിയുടെ മണ്ണുമായി ഞാന്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളെ കേള്‍ക്കുകയും നിങ്ങളുടെ വേദന പങ്കുവയ്ക്കുകയും ചെയ്യാതെ ഒരു രാഷ്ട്രീയ മാറ്റത്തിനും തുടക്കം കുറിക്കാനാകില്ല. സത്യത്തിന്റെ അടിത്തറയില്‍ നമ്മള് മാറ്റം കൊണ്ടു വരുമെന്ന് ഞാനുറപ്പ് തരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് നമ്മള് ഒരുമിച്ച് മുന്നോട്ട് നീങ്ങും”’ പ്രിയങ്ക വ്യക്തമാക്കി.