ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ നിര്‍ണായക പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ലോക്‌സഭാ സീറ്റുകളില്‍ 33 ശതമാനം വനിതാസംവരണം ബിജെഡി (ബിജു ജനതാദള്‍) ഉറപ്പാക്കുമെന്ന് നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചു. കെന്ദ്രപ്പാറ ജില്ലയില്‍ നടക്കുന്ന വനിതാ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഡീഷയില്‍ നിന്ന് 33 ശതമാനം വനിതകള്‍ പാര്‍ലമെന്റിലേക്ക് എത്തുമെന്നും സ്ത്രീശാക്തീകരണം എങ്ങനെ നടപ്പിലാക്കണമെന്ന് രാജ്യത്തിന് ഒഡീഷ കാണിച്ചുകൊടുക്കുമെന്നും നവീന്‍ പട്‌നായിക് പറഞ്ഞു.
മൂന്നിലൊന്ന് ലോക്‌സഭാ സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കണമെന്ന് ബിജെഡിയിലെ നേതാക്കള്‍ അംഗീകരിച്ചു. 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കിയാല്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെഡി എന്നും നവീന്‍ പട്‌നായിക് അവകാശപ്പെട്ടു.
2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒഡീഷയിലെ 21 സീറ്റുകളില്‍ 20 ലും വിജയിച്ച ബിജെഡിക്ക് മൂന്ന് വനിതാ എംപിമാര്‍ ഉണ്ട്.