/indian-express-malayalam/media/media_files/uploads/2018/04/sakshi-maharaj-unnao-mp-bjp.jpg)
ലക്‌നൗ: ഇത്തവണയും മോദി ജയിച്ച് അധികാരത്തിലെത്തിയാല്‍ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് ഉന്നാവോയിലെ ബിജെപി എംപി സാക്ഷി മഹാരാജ്. കഴിഞ്ഞ ദിവസം ഉന്നാവോയിൽ നടന്ന തിരഞ്ഞെടുപ്പ് പരിപാടിയിലാണ് സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. നിരന്തരമായി വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് സാക്ഷി മഹാരാജ്. 2019 ൽ മോദി സുനാമിയാകും. അതിന് ശേഷം 2024 ൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കില്ല എന്നായിരുന്നു ഇത്തവണ സാക്ഷിയുടെ വിവാദ പ്രസ്താവന.
2014 ലെ മോദി കാറ്റ് 2019 ലേക്ക് എത്തുമ്പോള്‍ സുനാമിയാകുമെന്നും, വീണ്ടും പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയമായിരിക്കും ഇത്തവണ ബിജെപിക്ക് ലഭിക്കുകയെന്നും സാക്ഷി പറഞ്ഞു.
മുസ്‌ലിം ജനസംഖ്യ സംബന്ധിച്ച വിഷയത്തില്‍ ഉള്‍പ്പെടെ നിരവധി വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ എംപിയാണ് സാക്ഷി മഹാരാജ്. വിവാദ പ്രസ്താവനകളുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു തവണ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് സീറ്റ് അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സാക്ഷി മഹാരാജ് നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് അയച്ച കത്തിലാണ് സാക്ഷി മഹാരാജിന്റെ ഭീഷണി.
മാര്‍ച്ച് ഏഴിനാണ് സാക്ഷി മഹാരാജ് കത്തയച്ചിരിക്കുന്നത്. 'ഉന്നാവോ മണ്ഡലത്തില്‍ എന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി വ്യത്യസ്തമായ ഒരു തീരുമാനമാണ് എടുക്കുന്നതെങ്കില്‍ അത് കോടിക്കണക്കിന് പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തും. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.'
പാര്‍ട്ടിയിലെ ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഏക സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് സാക്ഷി മഹാരാജ് പറുന്നു. 'അതിനാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉന്നാവോ മണ്ഡലത്തില്‍ നിന്നും ഒരിക്കല്‍ കൂടി എന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി അംഗീകരിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.' എന്നാല്‍ താന്‍ ഈ കത്ത് ഇതുവരെ കണ്ടിട്ടില്ലെന്നും, അത് തന്റെ കൈയ്യിലെത്തിയാല്‍ വായിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പാണ്ഡെ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.